കൊൽക്കത്ത : പശ്ചിമ ബംഗാളിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം. സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ബംഗാളിൽ പ്രചാരണം നടത്തിയത്. ബംഗാളിന്റെ നവോത്ഥാനമാണ് നടക്കാൻ പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് പര്യടനത്തെ വിമർശിച്ച മമതയെ പരിഹസിക്കുകയായിരുന്നു അദ്ദേഹം.

താൻ കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയത് മമതയ്ക്ക് ഇഷ്ടമായിട്ടില്ല. തങ്ങൾ കാലത്തിനനുസരിച്ച് മാറുന്ന ഭക്തരല്ലെന്നും വിശ്വാസത്തിലും പാരമ്പര്യത്തിലും എപ്പോഴും അഭിമാനിക്കുന്നവരാണെന്നും പ്രധാനമന്ത്രി ജോയ്‌നഗറിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷേത്രസന്ദർശനം നിയമലംഘനമാണെന്നും അത് ബംഗാളിലെ ജനങ്ങളെ സ്വാധീനിക്കുമെന്നും മമത പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് പ്രധാനമന്ത്രിയപടെ വാക്കുകൾ.

നുഴഞ്ഞുകയറ്റക്കാരെ തന്റെ സ്വന്തം ആളുകളായിട്ടും ഭാരതാംബയുടെ മക്കളെ പുറത്ത് നിന്നുള്ളവർ ആയിട്ടുമാണോ മമത കണക്കാക്കുന്നത് എന്ന് ചോദിച്ച അദ്ദേഹം ജനങ്ങളെ പുറത്ത നിന്നും വന്നവർ എന്ന് മുദ്രകുത്തി ഭരണഘടനയെ അപമാനിക്കരുതെന്നും പറഞ്ഞു.

മമത അധികാരത്തിൽ നിന്നും പുറത്ത് പോകണമെന്ന് ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് നന്ദിഗ്രാമിലുള്ളവർ അവരുടെ സ്വപ്‌നം സാക്ഷാത്ക്കരിച്ചു കഴിഞ്ഞു. ജനങ്ങൾക്ക് അവരവരുടെ ഭാവിയും വ്യക്തിത്യവും സംരക്ഷിക്കാനായി ഇനിയും കാത്തുനിൽക്കാനാവില്ല. ബംഗാളിന്റെ നവോത്ഥാനത്തിനാണ് ഇവർ വഴിതെളിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.