തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കും അപകടം പറ്റിയ ദമ്പതികൾക്ക് കൈത്താങ്ങായി നടനും , എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാർ . ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മുട്ടത്തറ ബൈപ്പാസിലായിരുന്നു ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്.

തമിഴ്നാട് സ്വദേശികളായ റീന , കുമാർ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത് . വേഗത്തിലെത്തിയ മറ്റൊരു ഇരുചക്രവാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ പിന്നില്‍ ദമ്പതികള്‍ വരുകയായിരുന്ന സ്‌ക്കൂട്ടര്‍ ബ്രേക്ക് ചെയ്ത വാഹനത്തില്‍ ഇടിച്ചു. അതിനു പിന്നാലെ വന്ന കാർ ദമ്പതികള്‍ സഞ്ചരിച്ച സ്ക്കൂട്ടറിലും ഇടിച്ചു . ഇതോടെ റീനയും , കുമാറും റോഡിലേക്ക് വീണു.

കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം ബൈപ്പാസിനു സമാന്തരമായുള്ള സര്‍വീസ് റോഡില്‍ക്കൂടി വരുമ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ കൃഷ്ണകുമാറും , പ്രവർത്തകരും എത്തി അപകടത്തില്‍പ്പെട്ടവരെ നടുറോഡില്‍ നിന്നും വശത്തേക്ക് മാറ്റി കിടത്തി. 108 ആംബുലന്‍സ് വിളിച്ചെങ്കിലും ആംബുലൻസ് എത്തിയില്ല.

തുടർന്ന് ഇരുവരേയും തന്റെ ഒപ്പം ഉണ്ടായിരുന്ന വാഹനത്തില്‍ കയറ്റി കൃഷ്ണകുമാറും, പ്രവര്‍ത്തകരും സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പ് പര്യടനം പുനരാരംഭിച്ചത് .