ചെന്നൈ: ടെസ്റ്റ് മത്സരങ്ങളിൽ ടീം ഇന്ത്യയുടെ വിശ്വസ്തനായ മദ്ധ്യനിര ബാറ്റ്‌സ്മാനാണ് ചേതേശ്വർ പൂജാര. രാഹുൽ ദ്രാവിഡിന് ശേഷം ഇത്രത്തോളം ക്ഷമയുള്ള മറ്റൊരു ബാറ്റ്‌സ്മാനെ ഇന്ത്യയുടെ ആരാധകർ കണ്ടിട്ടുണ്ടാവില്ല. എന്നാൽ, ഇത്തവണ ഐപിഎല്ലിൽ ചെന്നൈയ്ക്ക് വേണ്ടി പാഡണിയുന്ന പൂജാരയുടെ പരിശീലന വീഡിയോ വൈറലായിരിക്കുകയാണ്.

പ്രതിരോധ ശൈലിയിൽ മാത്രമല്ല, തനിക്ക് ആക്രമിച്ച് കളിക്കാനും അറിയാം എന്ന് വ്യക്തമാക്കുകയാണ് പൂജാര. ടീം അംഗങ്ങളുടെ പന്തുകളെ നിസാരമായി അതിർത്തി കടത്തുന്ന പൂജാരയുടെ ബാറ്റിംഗ് വെടിക്കെട്ടിന്റെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ദീപക് ചഹറിനെയും കരൺ ശർമ്മയെയും പൂജാര അനായാസമായാണ് സിക്‌സറിന് പറത്തുന്നത്.