അൻപത്തിനാലാം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ക്രൊയേഷ്യ വംശജൻ. ബുഡിമിർ ബുഡ സോബാത് എന്നയാളാണ് അര മണിക്കൂറോളം നേരം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചിരുന്നുകൊണ്ട് ഗിന്നസ്സ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുന്നത്. 24 മിനിറ്റും 33 സെക്കൻറുമാണ് ഇയാൾ വെള്ളത്തിനടിയിൽ കിടന്നത്.

സിസാക് നഗരത്തിലെ സ്വിമ്മിംഗ് പൂളിൽ വെച്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തോടുകൂടിയാണ് ബുഡിമിർ തന്റെ പഴയ റെക്കോർഡ് തിരുത്തിയെഴുതിയത്. ഇതിന് മുൻപ് 24 മിനിറ്റ് 11 സെക്കന്റ് എന്ന റെക്കോർഡ് നേട്ടവും ബുഡിമിർ കൈവരിച്ചിരുന്നു. തല വെള്ളത്തിൽ താഴ്ത്തുന്നതിന് മുൻപ് ശുദ്ധമായ ഓക്‌സിജൻ ഹൈപ്പർ വെന്റിലേറ്റ് ചെയ്തുകൊണ്ട് ഇയാൾ ശരീരത്തിലെ ഓക്‌സിജന്റെ അളവ് വർദ്ധിപ്പിച്ചിരുന്നു. ഇത് ഏറെ നേരം ശ്വാസം പിടിച്ചുനിർത്താൻ സഹായകമായി.

തന്റെ 20 വയസായ മകളാണ് ബുഡിമിരിന് റെക്കോർഡ് സൃഷ്ടിക്കാൻ പ്രചോദനമായതെന്ന് അദ്ദേഹം പ്രതികരിച്ചു. സെറിബ്രൽ പാൽസി, ഓട്ടിസം, അപസ്മാരം എന്നീ അസുഖങ്ങൾ നേരിടുകയാണ് ബുഡിമിരിന്റെ മകൾ. ഇതിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് സാമൂഹിക സേവനം ചെയ്യാനാണ് ബുഡിമിരിന്റെ തീരുമാനം. 2020 ലെ ഭൂചലനത്തിൽ തകർന്നു വീണ വികലാംഗർക്കായുള്ള സ്ഥാപനങ്ങൾ നവീകരിക്കുക എന്നതാണ് ഇനി ലക്ഷ്യം എന്നും അദ്ദേഹം പറയുന്നു.