ഹരിപ്പാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരുവാണെന്ന് ചെന്നിത്തല വിമർശിച്ചു. വ്യാജ പ്രതിച്ഛായയുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നത്. ബോംബിനെ കുറിച്ച് പേടിയില്ലെങ്കിൽ എന്തിന് വിളിച്ച് പറയണം. തനിക്ക് ഒരു ബോംബിനെ കുറിച്ചും അറിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.

പിണറായി വിജയന് ഏകാധിപത്യ ശൈലിയാണെന്നും ചെന്നിത്തല ആരോപിച്ചു. കോടികൾ വാരിയെറിഞ്ഞ പരസ്യ പ്രളയമാണ് നടക്കുന്നത്. ജനാധിപത്യപ്രക്രിയ അട്ടിമറിയ്ക്കുന്നു. നടക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢമായ നീക്കമാണ്. ഏതെങ്കിലും ഒരു തനത് പദ്ധതി മുഖ്യമന്ത്രിയ്ക്ക് ഉയർത്തിക്കാണിക്കാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കള്ളവോട്ട് ഉപയോഗിച്ച് നേടിയതാണ്. സ്പ്രിംഗ്ലർ പോലുള്ള അന്താരാഷ്ട്ര കമ്പനികളെ ഉപയോഗിച്ചുള്ള പ്രചാരണമാണ് മുഖ്യമന്ത്രി നടത്തുന്നത്. കേരളത്തിൽ മുൻപ് ഒരിക്കലും ഉണ്ടാകാത്ത തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാണ് ഇടതുസർക്കാർ ശ്രമിക്കുന്നത്. യഥാർത്ഥ വോട്ടർ അറിഞ്ഞോ അറിയാതെയോ അയാളുടെ ഫോട്ടോ ഉപയോഗിച്ച് പല പേരുകളിൽ ഒരേ ബൂത്തിലും വിവിധ ബൂത്തുകളിലും വിവിധ മണ്ഡലങ്ങളിലും വ്യാജ വോട്ടർമാരെ സൃഷ്ടിച്ചിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അധികാരത്തിൽ തുടരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇടത് സർവ്വീസ് സംഘടനകളെ ഉപയോഗിച്ച് വ്യാജവോട്ട് ചേർത്തത്. വ്യാജ പ്രതിച്ഛായ ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നോട്ട് വരണം. തങ്ങളുടെ പേരിൽ വ്യാജവോട്ടുകളുണ്ടോയെന്ന് സ്വയം പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു