തിരുവനന്തപുരം : കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം കൊഴിപ്പിക്കാൻ ബിജെപിയുടെ ദേശീയ നേതാക്കൾ കേരളത്തിലേക്ക്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഇന്ന് വിവിധ മണ്ഡലങ്ങളിലേ റോഡ് ഷോയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയാകും കേരളത്തിൽ എത്തുക.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തി. ഇന്ന് രാവിലെ 10 മണിക്ക് ഹെലികോപ്റ്റർ മാർഗ്ഗം ആറ്റിങ്ങലിൽ എത്തുന്ന നദ്ദ എൽഐസി ജംഗ്ഷൻ മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള റോഡ് ഷോയിൽ പങ്കെടുക്കും. 11.40 ഓടെ കരുനാഗപ്പള്ളി എത്തുന്ന ദേശീയ അദ്ധ്യക്ഷൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചക്ക് വള്ളിക്കാവ് അമൃതപുരിയിൽ മാതാ അമൃതാനന്ദ ദേവിയുമായി കൂടിക്കാഴ്ച്ച ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് 2.15 ഓടെ ആറൻമുളയിൽ ജെ.പി നദ്ദ എത്തും. 2.30 മുതൽ തെക്കേമല മുതൽ കോഴഞ്ചേരി ടൗൺ വരെ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുത്ത ശേഷം വൈകിട്ട് 4-ന് ചങ്ങനാശ്ശേരിയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാനായി പോകും. തിരികെ കൊച്ചി വിമാനത്താവളക്കിൽ നിന്നും 5.45 ഓടെ ജെ.പി.നദ്ദ ഡൽഹിക്ക് തിരിക്കും.

ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , രാവിലെ 10.45 ന് ഹരിപ്പാട് കവല ജംഗ്ഷനിൽ നടക്കുന്ന പൊതുയോഗത്തിൽ സംവദിക്കും. ഉച്ചക്ക് 12.15 – അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും സെൻട്രൽ ജംഗ്ഷൻ വരെ നടക്കുന്ന റോഡ് ഷോയിൽ യോഗി ഭാഗമാകും. തിരികെ തിരുവനന്തപുരത്തെത്തി 3 മണിക്ക് കഴക്കൂട്ടം മണ്ഡലത്തിലെ വെൺപാലവട്ടം മുതൽ അരിശുംമൂട് വരെ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് 4.20 ഓടെ പാറശ്ശാല മണ്ഡലത്തിൽ കുറുംകുറ്റി മുതൽ പാറശാല ജംഗ്ഷൻ വരെയുള്ള റോഡ് ഷോയിലും കാട്ടാക്കട മണ്ഡലത്തിലെ പേയാട് ജംഗ്ഷനിൽ നടക്കുന്ന പൊതുപരിപാടിയിലും പങ്കെടുത്ത ശേഷം യോഗി മടങ്ങും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയാണ് കേരളത്തിൽ എത്തുന്നത്. ആദ്യം കോന്നിയിലെ പ്രചരണ പരിപാടിയിലും പിന്നീട് കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിലും സംവദിക്കും. മൂന്നിന് കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും അമിത് ഷായും കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഭാഗമാകും.