ന്യൂഡൽഹി: മൂന്നാം ഘട്ട വാക്‌സിനേഷൻ ഇന്നു മുതൽ ആരംഭിക്കുകയാണ്. നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്കാണ് ഇന്ന് മുതൽ അവസരം ലഭിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് നിർദ്ദേശം. അടുത്ത ഘട്ടത്തിൽ നാൽപ്പത്തിയഞ്ച് വയസ്സിന് താഴെയുള്ളവർക്കും വാക്‌സിനേഷനുള്ള നിർദ്ദേശം നൽകുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. 45 ദിവസംകൊണ്ട് 45 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തായാക്കണമെന്നാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

ഓൺലൈൻ വഴി രജിസ്റ്റർ ചെയ്താണ് വാക്‌സിനെടുക്കാനുള്ള സമയം തീരുമാനിക്കേണ്ടത്. അതാത് ജില്ലകളിലെ നിശ്ചയിക്കപ്പെട്ട ആശുപത്രികളി ലേയ്ക്ക് രാവിലെയോ ഉച്ചയ്ക്ക് ശേഷമോ  ഒരു വ്യക്തിക്ക് സമയം രേഖപ്പെടുത്താം. www.cowin.gov.in എന്ന സൈറ്റിലൂടേയും ആരോഗ്യ സേതു ആപ്പ് വഴിയും വ്യക്തികൾക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. രജിസ്‌ട്രേഷൻ സമയത്ത് നൽകിയിരിക്കുന്ന അതേ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി വേണം വ്യക്തികൾ ആശുപത്രിയിലെത്താൻ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 35,01,495 പേരാണ് വാക്‌സിനെടുത്തത്. ആരോഗ്യ പ്രവർത്തകരിൽ 4,84,411പേർ ആദ്യ ഡോസ് വാക്‌സിനും 3,15,226 പേർ രണ്ടാം ഘട്ട ഡോസും എടുത്തതായി ആരോഗ്യവകുപ്പറിയിച്ചു.