ന്യൂഡൽഹി : ഭീകരാക്രമണ കേസിൽ അറസ്റ്റിലായ പാക് ഭീകരന് തടവ് ശിക്ഷ വിധിച്ച് കോടതി. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ ബഹദൂർ അലിയ്ക്കാണ് 10 വർഷം തടവ് ശിക്ഷ വിധിച്ചത്. ഡൽഹി എൻഐഎ കോടതിയുടേതാണ് നടപടി.

ജമ്മു കശ്മീരിലെ കുപ്വാരയിൽ നിന്നും 2016 ജൂലൈയിൽ ആണ് ബഹദൂർ അലി അറസ്റ്റിലായത്. കൂട്ടാളികളായ അബു സാദ്, അബു ദർദ എന്നിവർക്കൊപ്പം കശ്മീരിലേക്ക് നുഴഞ്ഞു കയറിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും വൻ ആയുധശേഖരവും സംഘം പിടിച്ചെടുത്തിരുന്നു.

ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാൾ വിശദാംശങ്ങൾ എൻഐഎയോട് വ്യക്തമാക്കിയത്. ഡൽഹിയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താനായിരുന്നു ഇവരുടെ പദ്ധതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, ആയുധ നിയമം, സ്‌ഫോടക നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണ് ഇവർക്കുമേൽ ചുമത്തിയിരുന്നത്.

ബഹദൂർ അലിയ്‌ക്കൊപ്പം എത്തിയ അബു സാദും, അബു ദർദയും സുരക്ഷാ സേനയുടെ പക്കൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇവരെ 2017 ഫെബ്രുവരി 14 ന് ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചു. ഇതേ കേസിൽ ജമ്മു കശ്മീർ സ്വദേശികളായ സഹൂർ അഹമ്മദ്, നസീർ അഹമ്മജ് പീർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.