കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐഫോണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സന്തോഷ് ഈപ്പൻ സമ്മാനമായി നൽകിയതാണിതെന്ന കസ്റ്റംസിന്റെ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് തള്ളി. കവടിയാറിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വിനോദിനിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

കടയുടമ ഫോൺ വാങ്ങിയത് സ്‌പെൻസർ ജങ്ഷനിലെ കടയിൽ നിന്നാണ്. ഇതേ കടയിൽ നിന്നാണ് സന്തോഷ് ഈപ്പനും ഐഫോൺ വാങ്ങിയത്. രണ്ട് ഫോണുകളുടേയും ഐഎംഇഐ നമ്പർ കസ്റ്റംസ് വാങ്ങിയിരുന്നു. സ്‌പെൻസർ ജംങ്ഷനിലെ കടയിൽ നിന്ന് വിനോദിനിയ്ക്ക് നൽകിയ അതേ മോഡൽ ഫോൺ സ്റ്റാച്യൂവിലെ കടയിലും നൽകിയിരുന്നു. ഇവിടെ നിന്നാണ് സന്തോഷ് ഈപ്പൻ ഫോൺ വാങ്ങി സ്വപ്‌നയ്ക്ക് നൽകിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ വിനോദിനി ബാലകൃഷ്ണനോട് ഇന്ന് ഹാജരാകാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വിനോദിനി കസ്റ്റംസിന് മുന്നിൽ ഹാജരായില്ല. ഇത് മൂന്നാം തവണയാണ് കസ്റ്റംസിന് മുന്നിൽ വിനോദിനി ഹാജരാകാതിരിക്കുന്നത്. ഇതോടെ കോടതി വഴി വാറന്റ് അയക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറാനാണ് വിനോദിനിയുടെ നീക്കമെന്നാണ് സൂചന.