തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ കഴക്കൂട്ടത്ത് പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ്. മണ്ഡലത്തിലേയ്ക്ക് ബിജെപിയുടെ ദേശീയ നേതാക്കളാരും വരുന്നില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരിഹാസത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പരിപാടിയിലേക്ക് കടകംപള്ളിയെ ശോഭ ക്ഷണിച്ചു. തിരുവനന്തപുരത്ത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. ദേശീയ നേതാക്കൾ നിരവധി എത്തിയെങ്കിലും ശോഭയുടെ പ്രചാരണത്തിനായി ആരും വന്നില്ലെന്നായിരുന്നു ഇടത് ക്യാമ്പിൽ നിന്നും ഉയർന്ന പരിഹാസം. എന്നാൽ, പ്രധാനമന്ത്രിയും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പ്രചാരണത്തിന് എത്തുമെന്നാണ് ശോഭ തന്റെ തുറന്ന കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

കത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനൊരു തുറന്ന ക്ഷണക്കത്ത്. കഴക്കൂട്ടത്തേയ്ക്ക് ദേശീയ നേതാക്കൾ ആരും വരുന്നില്ല എന്നൊരു പരാതി അങ്ങുന്നയിച്ചിരുന്നല്ലോ? കഴക്കൂട്ടത്തെ ഒരു വോട്ടർ എന്ന നിലയിൽ അങ്ങ് പ്രകടിപ്പിച്ച ആശങ്ക ഞാൻ സഗൗരവം പരിഗണിച്ചു. കഴക്കൂട്ടത്തെ ഒരു വോട്ടറായ ഏതൊരു പൗരനോ പൗരയോ എന്നോട് ഒരു ആവശ്യം ഉന്നയിച്ചാൽ അത് പരിഗണിക്കേണ്ട ഉത്തരവാദിത്ത്വമുണ്ടല്ലോ. ആയതിനാൽ നമ്മുടെ മണ്ഡലത്തിലേക്ക് ഉലകനായകനായ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയും, ഇന്ത്യയിൽ 30 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജിയും ഏപ്രിൽ 1, 2 ദിവസങ്ങളിൽ എത്തിച്ചേരുന്നുണ്ട്. രണ്ടു പരിപാടിയിലേക്കും ഞാൻ അങ്ങയെ ക്ഷണിക്കുന്നു