ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രതിഷേധം അയയുന്നു. പ്രതിഷേധക്കാരുടെ എണ്ണത്തിൽ നാൾക്കുനാൾ വലിയ കുറവാണ് ഉണ്ടാകുന്നത്. നിരവധി പ്രതിഷേധക്കാർ വിവിധ കാരണങ്ങളാൽ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയെന്നാണ് റിപ്പോർട്ടുകൾ.

പ്രതിഷേധത്തിന്റെ കേന്ദ്ര മേഖലയായ സിംഗു അതിർത്തിയിൽ കഴിഞ്ഞ നാല് മാസങ്ങളിലെ അപേക്ഷിച്ച് കുറവ് ആളുകൾ മാത്രമാണ് പ്രതിഷേധിക്കുന്നത്. ഇതേ തുടർന്ന് മഹാപഞ്ചായത്തിനായി വിവിധ സംസ്ഥാനങ്ങളിലേക്ക് പോയ പ്രതിഷേധക്കാരെ അതിർത്തിയിലേക്ക് തിരിച്ചു വിളിക്കുകയാണ്. മുൻപ് ട്രാക്ടർ റാലികളിൽ 10 മുതൽ 15 പ്രതിഷേധക്കാർ പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ മൂന്ന് മുതൽ അഞ്ച് വരെ ആളുകൾ മാത്രമാണ് പങ്കെടുക്കുന്നത് എന്ന്് പ്രതിഷേധിക്കുന്ന സംയുക്ത കിസാൻ മോർച്ചതന്നെ വ്യക്തമാക്കുന്നു.

വിളവെടുപ്പുകാലം ആരംഭിച്ചതാണ് അതിർത്തിയിലെ പ്രതിഷേധക്കാരുടെ എണ്ണം കുറയാൻ കാരണമെന്നും, ഇത് താത്കാലികമാണെന്നും മോർച്ച വ്യക്തമാക്കുന്നു. വരും മാസങ്ങളിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.