കൊച്ചി: ഭാരതീയ സംസ്‌കാരത്തെ വികലമായി ചിത്രീകരിച്ച് എസ്എഫ്‌ഐ മാഗസിൻ. കാലടി ശ്രീ ശങ്കര കോളേജ് യൂണിയൻ പുറത്തിറക്കിയ മാഗസിനിലാണ് ഭാരതീയ സംസ്‌കാരത്തെ അടച്ചാക്ഷേപിക്കുന്നത്. ഭാരതീയ സംസ്‌കാരത്തിൽ പുരുഷന് ഭോഗിക്കാനുള്ള വസ്തുവാണ് സ്ത്രീയെന്ന ലേഖനമാണ് വിവാദമായിരിക്കുന്നത്.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന് പേരിട്ട ലേഖനത്തിലാണ് ഭാരതീയ സംസ്‌കാരത്തെ വികലമായി ചിത്രീകരിക്കുന്നത്. മണ്ണിനും പൊന്നിനും സമാനമായി ആണിന് ഭോഗിക്കാൻ മാത്രമായി സ്ത്രീയെ കാണുന്നതിനെയാണ് മഹത്തായ ഭാരതീയ സംസ്‌കാരം എന്ന് ചുരുങ്ങിയ വാക്കിൽ വിശേഷിപ്പിക്കാൻ സാധിക്കുക എന്നാണ് ലേഖനത്തിൽ പറയുന്നത്. മഹത്വവത്കരിച്ച കാരഗൃഹ വാസത്തിന്റെ ഒന്നാം പടിയാണ് വിവാഹമെന്നും ലേഖനത്തിൽ പറയുന്നു.

ഇന്ത്യയിൽ കമ്യൂണിസത്തിന് മേൽക്കോയ്മയുള്ള നാടാണ് കേരളം. കേരളത്തിലും കമ്യൂണിസ്റ്റ് മേലങ്കി അണിഞ്ഞ് പുരുഷ മേധാവിത്വം നിലനിൽക്കുന്നതായും ലേഖനത്തിൽ പറയുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്ന മലയാള സിനിമയുടെ വിശകലന കുറിപ്പിലാണ് ആക്ഷേപങ്ങൾ. സിനിമയിലെ സംഭവങ്ങൾ ഇന്ത്യയിലെ അടുക്കളയിലെ സംഭവങ്ങളാണെന്നും ലേഖനം പറഞ്ഞു നിർത്തുന്നു.

മാഗസിനിലെ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാഗസിനിലെ ലേഖനങ്ങൾക്കെതിരെ എസ്എഫ്‌ഐയിലെ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ മാഗസിൻ പുറത്തിറക്കുന്നതിനിടെ കോളേജിൽ സംഘർഷം ഉണ്ടാവുകയും രണ്ടു പേർക്ക് കുത്തേൽക്കുകയും ചെയ്തിരുന്നു.