ന്യൂഡൽഹി : കൊറോണ വ്യാപനം തടയാൻ കേന്ദ്ര സർക്കാർ ആരംഭിച്ച വാക്‌സിനേഷൻ പ്രക്രിയയുടെ മൂന്നാം ഘട്ടം വ്യാഴാഴ്ച മുതൽ. രാജ്യത്ത് 45 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതരമായ രോഗങ്ങൾ ഇല്ലാത്തവർക്കാണ് മൂന്നാം ഘട്ടത്തിൽ വാക്‌സിൻ നൽകുക. വാക്‌സിൻ സ്വീകരിക്കാൻ അർഹരായവർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആരോഗ്യസേതു ആപ്പ് വഴിയും അപേക്ഷ നൽകാം. വെബ്‌സൈറ്റിലും, ആപ്പിലും രജിസ്‌ട്രേഷൻ പ്രക്രിയ സമാനമാണ്. വാക്‌സിൻ സ്വീകരിക്കേണ്ട തീയതി സ്വീകർത്താക്കൾക്കു തന്നെ തീരുമാനിക്കാം.

വാക്‌സിനേഷൻ പ്രക്രിയയുടെ ആദ്യ ഘട്ടത്തിൽ കൊറോണ പ്രതിരോധ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകിയത്. രണ്ടാം ഘട്ടത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, 45 വയസ്സിന് മുകളിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്കും വാക്‌സിൻ നൽകി.