ഛണ്ഡീഗഡ് : ബിഎസ്പി എംഎൽഎയും മാഫിയ ഡോണുമായ മുക്താർ അൻസാരിയെ ഉത്തർപ്രദേശിലേക്ക് മാറ്റുന്നതിനായുള്ള നടപടികൾ വേഗത്തിൽ. ഇതിന്റെ മുന്നോടിയായി അൻസാരിയെ മൊഹാലി കോടതിയിൽ ഹാജരാക്കി.

കർശന സുരക്ഷയോടെയാണ് അൻസാരിയെ കോടതിയിൽ ഹാജരാക്കിയത്. ആരോഗ്യനില തൃപ്തികരമല്ലെന്ന് അറിയിക്കാൻ വീൽചെയറിലായിരുന്നു അൻസാരി കോടതി മുറിയിൽ എത്തിയത്. കോടതി നടപടികൾക്ക് ശേഷം പഞ്ചാബിലെ രൂപ്‌നഗർ ജയിലിലേക്ക് തിരികെ കൊണ്ടുപോയി.

യോഗി സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതിയാണ് അൻസാരിയെ ഉത്തർപ്രദേശിലെ ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. രണ്ട് ആഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി അൻസാരിയെ ഉത്തർപ്രദേശിലേക്ക് മാറ്റണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. അൻസാരിയെ ഏപ്രിൽ 12 ന് വീണ്ടും ഹാജരാക്കും.