ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ താഴെയിറക്കിയത്. രാംബൻ ജില്ലയിൽ രാവിലെ 10.40 ഓടെയായിരുന്നു സംഭവം.

ബന്ദിപ്പോരയിലെ മനസ്ബലിൽ നിന്നും ഉദംപൂരിലേക്ക് പോകുന്നതിനിടെയായിരുന്നു ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. മനസ്ബലിൽ നിന്നും പുറപ്പെട്ട് അൽപ്പ നേരത്തിന് ശേഷം പ്രശ്‌നങ്ങൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം താഴെയിറക്കി.

പൈലറ്റും, ടെക്‌നിക്കൽ ജീവനക്കാരും ഉൾപ്പെടെ 12 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു.