ഗുരുതര അപകടങ്ങളോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാവുമ്പോൾ അബുദാബി  പോലീസിന്റെ സേവനം ഏറ്റവും വേഗത്തിൽ ലഭ്യമാക്കാനാണ് അടിയന്തര വിഭാഗത്തിലേക്ക് 999 എന്ന നമ്പറിൽ വിളിക്കേണ്ടത്. എന്നാൽ ഇതിന്റെ പ്രാധാന്യം മനസിലാക്കാതെ നിസാര കാര്യങ്ങൾക്ക് പോലും ഈ നമ്പറിലേക്ക് വരുന്ന കോളുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. ഇതിലധികവും കുട്ടികളാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടിയന്തര വിഭാഗത്തിലേക്ക് അനാവശ്യമായ ഫോണ്‍ കോളുകൾ വരാതിരിക്കാന്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ് മാതാപിതാക്കളോട് ആവശ്യപെട്ടു. ഈ നമ്പറിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ ഈ നമ്പറിലേക്ക് വിളിച്ച് അധികാരികളെ ബന്ധപ്പെടാവൂ എന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. ചിലര്‍ അശ്രദ്ധമായി ഫോണ്‍ പോക്കറ്റിൽ സ്ക്രീന്‍ ലോക്ക് ഇല്ലാതെ ഉപേക്ഷിക്കുന്നുവെന്നും, അതുവഴി അടിയന്തിര നമ്പറിലേക്ക് പോക്കറ്റ്‌ കോളുകള്‍ വരാന്‍ ഇടയാകുന്നുവെന്നും പോലീസ് പറഞ്ഞു. കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളുടെ ഓപ്പറേറ്റിംഗ് റൂമുകൾ ഏറ്റവും ഗുരുതരവും അപകടകരവുമായ സാഹചര്യങ്ങളില്‍ പെട്ടവരെ സഹായിക്കാനും മനുഷ്യ ജീവൻ രക്ഷിക്കാനായി എത്രയും വേഗം പ്രതികരിക്കാനുമായി സജ്ജമാക്കിയിട്ടുള്ളവയാണ്. അതിനാല്‍ ഈ സെന്ററുകളില്‍ വരുന്ന ഒരു ഫോണും അവഗണിക്കില്ല, പക്ഷെ ഈ നമ്പറിലേക്ക് അതിന്‍റെ  ഗൗരവം അറിയാതെയുള്ള  കുട്ടികളുടെ അനാവശ്യ കോളുകൾ വളരെ വിലപ്പെട്ട സമയം പാഴാക്കാന്‍ ഇടയാക്കും എന്നും പോലീസ് വിശദമാക്കി.