ഇംഫാല്‍: കൊവിഡ് വ്യാപനം വര്‍ധിക്കുമെന്ന സൂചന പുറത്തുവന്നതിനെ തുടര്‍ന്ന് മണിപ്പൂര്‍ പുതുക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചീഫ് സെക്രട്ടറി ഡോ. രാജേഷ് കുമാറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അദ്ദേഹം തന്നെയാണ് സംസ്ഥാന ദുരന്ത നിരാവരണ അതോറിറ്റി ചെയര്‍മാനും.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി എല്ലാ തലത്തിലും അവബോധം പ്രചരിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഓരോ കമ്മിറ്റികള്‍ക്ക് രൂപംകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് സംസ്ഥാന, നിയോജകമണ്ഡലം, ജില്ലാ, പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കും. അതിനെ നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന തല മോണിറ്ററിങ് സെല്ലും പ്രവര്‍ത്തിക്കും.

പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ കടകള്‍ക്കു മുന്നില്‍ ചതുരവും വൃത്തവും വരച്ചുവയ്ക്കണം. അവയ്ക്കിടയില്‍ സാമൂഹിക അകലം പാലിക്കത്തക്ക വിധത്തില്‍ അകലം സൂക്ഷിക്കണം. അത് പാലിക്കാത്ത കടകള്‍ ഒരാഴ്ച അടച്ചിടും. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുത്. ചാടക്കടയില്‍ വര്‍ത്തമാനം പറഞ്ഞിരിക്കരുത്. ഓരോ വ്യക്തിക്കുമിടയില്‍ 6 അടി അകലം ഉണ്ടായിരിക്കണം. ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക.

മദ്യപാനം നിരോധിച്ചു. ബാറുകള്‍ അടച്ചിട്ടു. ക്വാറന്റീനില്‍ ഇരിക്കുന്നവരുടെ വിവരങ്ങള്‍ ആശാവര്‍ക്കര്‍ക്ക് കൈമാറണം.

മണിപ്പൂരില്‍ 18,502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സജീവകേസുകള്‍ 3.472ഉം രോഗമുക്തരുടെ എണ്ണം 14,862 മാണ്.