റിയാദ് : വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പ്രസിദ്ധീകരിക്കുന്ന പരസ്യത്തിൽ ഭ്രിത്യൻ അല്ലെങ്കിൽ വീട്ടുജോലിക്കാർ എന്ന അർദ്ധം വരുന്ന വാക്കുകൾ ഉപയോഗിക്കുന്നതിനു സൗദി അറേബ്യയിൽ വിലക്കേർപ്പെടുത്തി.
വിദേശ തൊഴിലാളികളുടെ അന്തസ്സിന് കോട്ടം തട്ടുന്ന തരത്തിൽ ഉള്ള നിബന്ധനകളോ വാക്കുകളോ നിരോധിച്ച് കൊണ്ട് വാണിജ്യ മന്ത്രാലയം ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലാളി അല്ലെങ്കിൽ സ്ത്രീ തൊഴിലാളി എന്ന വാക്ക് പകരം ഉപയോഗിക്കാം എന്നും ഉത്തരവിൽ പറയുന്നു. കൂടാതെ വിൽക്കുക വാങ്ങുക വിനിയോഗിക്കുക എന്നീ വാക്കുകൾക്കു പകരം സേവനങ്ങൾ കൈമാറുക എന്ന പദം ഉപയോഗിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ഉത്തരവിൽ ഉണ്ട്.

പരസ്യത്തിൽ തൊഴിലാളികളുടെ ഫോട്ടോ, തിരിച്ചറിയൽ കാർഡ്, ഇക്കാമ (റെസിഡൻസി പെർമിറ്റ്) എന്നിവയും പ്രവാസി തൊഴിലാളികളുടെ സ്വകാര്യ വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ സേവനം കൈമാറ്റം ചെയ്യുകയാണെങ്കിൽ
അവരുടെ സമ്മതം നിർബന്ധമായും വാങ്ങിയിരിക്കണം. സേവന കൈമാറ്റത്തിന് പകരമായി ഏതെങ്കിലും സാമ്പത്തിക ചെലവുകൾ വഹിക്കാൻ തൊഴിലാളിയെ നിർബന്ധിക്കുന്ന ഒരു വ്യവസ്ഥയും പരസ്യത്തിൽ ഉൾപ്പെടുത്താൻ പാടില്ല എന്നും മന്ത്രാലയം അറിയിച്ചു.