ചെന്നൈ : സാധാരണക്കാരായി ജനങ്ങൾക്കിടയിൽ ചെന്ന് വോട്ട് തേടുന്ന സ്ഥാനാർത്ഥികൾ നമുക്ക് സുപരിചിതമാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തനാകുകയാണ് തമിഴ് നാട്ടിലെ ഒരു സ്ഥാനാർത്ഥി. അഞ്ച് കിലോയോളം സ്വർണം അണിഞ്ഞുകൊണ്ടാണ് ഇയാൾ വോട്ട് തേടി ജനങ്ങൾക്കിടയിലെത്തുന്നത്. തിരുനെൽവേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഹരി നാടാർ എന്ന സ്ഥാനാർത്ഥിയാണ് വോട്ട് ചോദിക്കുന്നതിൽ പോലും വേറിട്ട് നിൽക്കുന്നത്.

സ്വർണത്തോട് നേരത്തെ മുതൽ താൽപര്യമുള്ളയാളാണ് ഹരി നാടാർ. നാമനിർദ്ദേശപത്രികയിലെ കണക്കനുസരിച്ച് 4.73 കോടിയുടെ സ്വർണശേഖരമുണ്ട് ഇയാൾക്ക്. കൂടാതെ കോടിക്കണക്കിന് രൂപയുടെ സ്വത്തും 5 വാഹനങ്ങളുമുണ്ട്. ഇത്തരത്തിൽ വോട്ട് തേടാനിറങ്ങിയ സ്ഥാനാർത്ഥി ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലും താരമായി മാറിയിരിക്കുകയാണ്.

സിനിമാ നിർമാതാക്കൾക്ക് പലിശയ്ക്ക് പണം കൊടുക്കുന്നതാണ് ഹരിയുടെ ബിസിനസ്. ഇതിൽ നല്ലൊരു വിഹിതം സ്വർണം വാങ്ങാൻ മാറ്റിവെയ്ക്കും. പനങ്കാട്ട് പടൈ കച്ചി എന്ന രാഷ്ട്രീയ സംഘടനയുടെ കോർഡിനേറ്റർ കൂടിയാണ് ഹരി നാടാർ. കഴിഞ്ഞ നാംഗുനേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.