തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നാളെ കേരളത്തിലെത്തും. ജെപി നദ്ദ ആറ്റിങ്ങലിലും യോഗി കഴക്കൂട്ടത്തും നേമത്തും റോഡ് ഷോ നടത്തും. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെത്തുന്നുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ബിജെപി ദേശീയ നേതാക്കൾ കേരളത്തിലെക്ക് പ്രചരണത്തിനായി എത്തുകയാണ്. കരുനാഗപ്പള്ളി ആറൻമുള, ചങ്ങനാശേരി തുടങ്ങിയ മണ്ഡലങ്ങളിലും ജെ.പി നദ്ദ പ്രചരണത്തിനെത്തും. ബിജെപി യുടെ തീപ്പൊരി നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് കഴക്കൂട്ടത്തും നേമത്തും റോഡ് ഷോ നടത്തുന്നുണ്ട്. ദേശീയ നേതാക്കൾ കഴക്കൂട്ടത്ത് പ്രചരണത്തിനെത്തുന്നില്ലെന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതാകും യോഗിയുടെ റോഡ് ഷോ. ഹരിപ്പാട്, അടൂർ, പാറശാല, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിലും യോഗി എത്തുന്നുണ്ട്.

രണ്ടാഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാൾ എത്തും. കോന്നിയിലും തിരുവനന്തപുരത്തും പൊതു പരിപാടികളിൽ നരേന്ദ്രമോദി പ്രസംഗിക്കും. പ്രധാനമന്ത്രിയുടെ പരിപാടികൾക്ക് കോന്നിയിലും തിരുവനന്തപുരത്തും അടിസ്ഥാന സൌകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടാണ് സൌകര്യങ്ങൾ ഒരുക്കിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ വടക്കൻ കേരളത്തിലും, ഏപ്രിൽ മൂന്നിന് അമിത് ഷാ മഞ്ചേശ്വരം, കോഴിക്കോട് നോർത്ത്, അടൂർ, ചേർത്തല എന്നിവിടങ്ങളിലും എത്തുന്നുണ്ട്.