കൊച്ചി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തുകൂട്ടാൻ മൂന്ന് റഫേൽ യുദ്ധവിമാനങ്ങൾകൂടി ഇന്നെത്തും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവൽ ലെനെയിനാണ് വിവരം അറിയിച്ചത്. ഇന്ത്യയ്ക്ക് കരാർ പ്രകാരം 36 റഫേൽ
യുദ്ധവിമാനങ്ങളും 2022ഓടെ ഘട്ടം ഘട്ടമായി കൈമാറുമെന്ന് ലെനെയിൻ അറിയിച്ചു.

അഞ്ച് റഫേലുകൾ ഏപ്രിൽ മാസത്തിൽതന്നെ കൈമാറാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയിൻ ഉറപ്പുനൽകി. കൊച്ചിയിൽ നടക്കാനിരിക്കുന്ന സംയുക്ത സൈനിക അഭ്യാസത്തിനായി എത്തിയതായിരുന്നു ഇമ്മാനുവൽ ലെനെയിൻ.

കൊറോണ ബാധകാരണം ഫ്രാൻസിലെ റഫേൽ നിർമ്മാണകേന്ദ്രം ഏതാനും ആഴ്ചകൾ അടച്ചിടേണ്ടിവന്നിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം വേഗത്തിലായിരിക്കുന്നുവെന്നും ലെനെയിൻ അറിയിച്ചു.11 വിമാനങ്ങൾ ഇന്ത്യക്ക് നൽകിക്കഴിഞ്ഞു. 2016ലാണ് ഇന്ത്യ അടിയന്തിരമായി 36 വിമാനങ്ങൾക്ക് ഓർഡർ നൽകിയത്.