എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ പരിപാടികളോട് മുഖം തിരിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റേത് നിഷേധാത്മക നിലപാടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് വ്യക്തമാക്കി.
തിരുവനന്തപുരത്ത് പൊതുപരിപാടിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്റ്റേഡിയം അനുവദിക്കുന്നില്ലെന്നും, കോന്നിയില്‍ സര്‍ക്കാര്‍ ചെലവില്‍ ഹെലിപാഡ് നിര്‍മ്മിക്കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ടാണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് വേദി അനുവദിച്ചതെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
ഏപ്രില്‍ 2ന് കോന്നിയിലും തിരുവനന്തപുരത്തുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികള്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോന്നിയിലെത്തുന്ന പ്രധാനമന്ത്രിയുടെ ഹെലിപ്പാഡ് നിര്‍മ്മാണ ചിലവ് ഏറ്റെടുക്കാനാകില്ലെന്നും, ഹെലിപാഡിനുള്ള തുക ബി.ജെ.പി നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
ബംഗാളില്‍ മമത സ്വീകരിക്കുന്ന നിലപാടാണ് കേരളത്തില്‍ പിണറായി വിജയനെന്നും, ബി.ജെ.പിയുടെ വിജയത്തെ ചെപ്പടി വിദ്യകൊണ്ട് നേരിടാനാകില്ലെന്നും, ജോര്‍ജ് കുര്യന് പറഞ്ഞു.