ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9 നു ആരംഭിക്കാന്‍ ഇരിക്കെ മത്സരത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് ബിസിസിഐ. ഓണ്‍ ഫീല്‍ഡ് അമ്ബയര്‍ നല്‍കുന്ന സോഫ്റ്റ് സിഗ്നല്‍ ഒഴിവാക്കിയും, മത്സരത്തിലെ ഓരോ ഇന്നിങ്സുകളുടെയും സമയം 90 മിനിറ്റാക്കി കുറച്ചുമാണ് ബിസിസിഐ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

ക്രിക്ബസില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം, ബിസിസിഐ സോഫ്റ്റ് സിഗ്നല്‍ റൂള്‍ എടുത്ത് കളയുകയും, 20 ഓവര്‍ മത്സരം 90 മിനിറ്റില്‍ പൂര്‍ത്തിയാക്കണമെന്ന് ടീമുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും പറയുന്നു. മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ കത്ത് 8 ടീമുകള്‍ക്കും ബിസിസിഐ നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

“മത്സര സമയം നിയന്ത്രിക്കുന്നതിനായി ഓരോ ഇന്നിങ്സിലേയും ഇരുപതാമത്തെ ഓവര്‍ 90 മിനിറ്റില്‍ ഉള്‍പ്പെടുത്തി, നേരത്തെ ഇത് ഇരുപതാമത്തെ ഓവര്‍ 90 മിനിറ്റിനു മുന്‍പോ ശേഷമോ ആരംഭിക്കണം എന്നായിരുന്നു.” ബിസിസിഐ പറഞ്ഞു. ബാറ്റിങ് ടീം അനാവശ്യമായി മത്സര സമയം പാഴാക്കുകയാണെങ്കില്‍ മുന്നറിയിപ്പ് നല്‍കാനും പുതിയ ഓവര്‍ – റേറ്റ് റൂള്‍ പ്രകാരം നടപടിയെടുക്കാനും നാലാം അമ്ബയര്‍ക്ക് അധികാരമുണ്ട്.

ഓണ്‍ ഫീല്‍ഡ് അമ്ബയര്‍ നല്‍കുന്ന സോഫ്റ്റ് സിഗ്നല്‍ തേര്‍ഡ് അമ്ബയറുടെ തീരുമാനത്തിന് ഇനി യാതൊരു സാധ്യതയും നല്‍കില്ലെന്നും ബിസിസിഐ പറഞ്ഞു.

“ഫീല്‍ഡര്‍ പന്ത് കൈവിട്ടോ, ബാറ്റ്സ്മാന്‍ പുറത്തായോ, അതോ ബാറ്റ്സ്മാന്‍ മനഃപൂര്‍വ്വം ഫീല്‍ഡ് തടസപ്പെടുത്തിയോ എന്ന കാര്യങ്ങള്‍ തേര്‍ഡ് അമ്ബയര്‍ തന്നെ തീരുമാനിക്കും. പിടിച്ച ഒരു ക്യാച്ച്‌ കൃത്യമാണോ എന്ന് തനിക്ക് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച്‌ പരിശോധിച്ച ശേഷം അമ്ബയര്‍ തന്റെ തീരുമാനം അറിയിക്കും” ബിസിസിഐ കൂട്ടിച്ചേര്‍ത്തു.

ഷോര്‍ട് റണ്‍ നിയമത്തിലും ബിസിസിഐ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ഇനി ഷോര്‍ട് റണ്‍ സംബന്ധിച്ച ഓണ്‍ ഫീല്‍ഡ് അമ്ബയറുടെ തീരുമാനങ്ങള്‍ തേര്‍ഡ് അമ്ബയര്‍ക്ക് പരിശോധിക്കാനും തെറ്റെങ്കില്‍ ഫീല്‍ഡ് അമ്ബയറുടെ തീരുമാനം തിരുത്താനും സാധിക്കും.

2019ന് ശേഷം ആദ്യമായി ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്‍ ആണിത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ നടന്നത്. ഇത്തവണ ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈ, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നീ അഞ്ച് വേദികളിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മേയ് 29 ന് അഹമ്മദാബാദില്‍ നടക്കും.