കോട്ടയം:മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. എന്നാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായുള്ള കെപിസിസി പ്രസിഡന്റിന്റെ വാര്‍ത്താക്കുറിപ്പില്‍ കാരണം വ്യക്തമാക്കിയിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ലതിക കെപിസിസി ആസ്ഥാനത്തിനു മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാര്‍ടി സ്ഥാനങ്ങളെല്ലാം രാജിവച്ചെന്നും കോണ്‍ഗ്രസ് അംഗമായി തുടരുമെന്നും ലതിക വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ഇപ്പോള്‍ ലതിക. സ്വതന്ത്ര സ്ഥാനാര്‍ഥിയാകുക കൂടി ചെയ്തതോടെ പുറത്താക്കണമെന്ന ആവശ്യം പാര്‍ടിയില്‍ ശക്തമായിരുന്നു. ഏറ്റുമാനൂര്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിനു കൊടുത്തുപോയതു കൊണ്ടാണു ലതിക സുഭാഷിനു നല്‍കാത്തതെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം. യുഡിഎഫിനായി പ്രിന്‍സ് ലൂക്കോസാണ് ഏറ്റുമാനൂരില്‍ മത്സരിക്കുന്നത്.