മലപ്പുറം : മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വെട്ടിച്ചിറയിലെ ദേശീയ പാതയിലാണ് സംഭവം. കോട്ടയ്ക്കല്‍ ഭാഗത്തേയ്ക്ക് പോകുന്ന കാറിനാണ് തീപിടിച്ചത്.

ചൊവ്വാഴ്ച വൈകീട്ടോടെ ആശുപത്രിയിലേയ്ക്ക് പോകുന്ന വാഹനത്തിനാണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ നിന്നും പുക ഉയരുകയായിരുന്നു. ഇത് കണ്ടതോടെ കാര്‍ റോഡരികില്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങി. വൈകാതെ കാറില്‍ നിന്ന് തീ പിടിക്കുകയും ചെയ്തു.

ഡ്രൈവറുടെയും യാത്രക്കാരുടേയും സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ടയര്‍ ഉള്‍പ്പെടെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. സാങ്കേതിക തകരാറ് മൂലമാണ് കാര്‍ കത്തിനശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.