ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളാണ് എന്‍സിബി ഇപ്പോള്‍ അന്വേഷിക്കുന്നത്.

ശനിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ എന്‍സിബി സോണല്‍ ഡയറക്ടര്‍ അമിത് ഗവാട്ടെ വിവരങ്ങള്‍ ശേഖരിച്ചു. സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണ തലവനാണ് ഗവാട്ടെ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുമ്ബോള്‍ തന്നെ എന്‍സിബി വിവരങ്ങള്‍ തേടിയത് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

സാധാരണഗതിയില്‍ ഇ.ഡി.നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസൃതമായിട്ടാണ് എന്‍സിബി അന്വേഷണം നടത്താറുള്ളത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ക്കൊപ്പം കേസ് അന്വേഷിക്കുന്ന രണ്ടു ഉദ്യോഗസ്ഥരും ശനിയാഴ്ച ഇ.ഡി.ഓഫീസിലെത്തിയിരുന്നു. ബിനീഷ് കോടിയേരിയെ നാളെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.