ശ്രീ എം മുന്‍കൈയ്യെടുത്ത് സി.പി.എം – ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച്‌ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബ യോഗങ്ങളില്‍ ന്യായീകരിച്ച്‌ സി.പി.എം. നാട്ടില്‍ സമാധാനമുണ്ടാക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും നടപടിയെടുത്തതിനെ സംഘപരിവാര്‍ ബന്ധമെന്നരീതിയില്‍ വളച്ചൊടിച്ചെന്നാണ് സി.പി.എം വിശദീകരണം.

പ്രാദേശിക നേതാക്കള്‍ക്ക് കുടുംബ യോഗങ്ങളില്‍ പ്രസംഗിക്കുന്നതിന് വേണ്ടി സി.പി.എം എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി 48 പേജുള്ള കുറിപ്പ് നല്‍കിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യൂബന്ധനക്കരാര്‍, പി.എസ്‌.സി സമരം തുടങ്ങിയവയ്‌ക്കെല്ലാം മറുപടി നല്‍കണം. ഭരണ നേട്ടങ്ങളുടെ സംക്ഷിപ്തരൂപവും മികവിന് കിട്ടിയ അംഗീകാരങ്ങളും രണ്ട് ഭാഗങ്ങളായി കുറിപ്പിലുണ്ട്.

പ്രദേശികമായി ആളുകള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സ്വന്തം ശൈലിയില്‍ അവതരിപ്പിക്കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ നേട്ടങ്ങള്‍ പറയുന്നതിനോടൊപ്പം എതിരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും കുറിപ്പില്‍ പറയുന്നു.