വിശാഖപട്ടണം: തെന്നിന്ത്യന്‍ താരവും രാഷ്​ട്രീയ നേതാവുമായ പവന്‍ കല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ​ട്രെയിലര്‍ റിലീസിന്​ ആരാധകര്‍ തിയറ്റര്‍ തകര്‍ത്തു. ആന്ധ്രപ്രദേശ്​ വിശാഖപട്ടണം സഘം ശരത്​ തിയറ്ററിലാണ്​ സംഭവം. ട്രെയിലര്‍ റിലീസായതോടെ ആരാധകര്‍ തിയറ്ററിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ത്ത്​ തിയറ്ററിന്​ അകത്തേക്ക്​ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു. ആരാധകര്‍ ചില്ല്​ തകര്‍ത്ത്​ അകത്തേക്ക്​ കയറുന്നതും ഒരാള്‍ വീണുകിടക്കുന്നതും വിഡിയോയില്‍ കാണാം.

തിങ്കളാഴ്ചയാണ്​ പുതിയ ചിത്രമായ ‘വക്കീല്‍ സാബി’ന്‍റെ ട്രെയിലര്‍ റിലീസ്​ ചെയ്​തത്​. ഹോളിയോട്​ അനുബന്ധിച്ചായിരുന്നു റിലീസ്. വൈകിട്ട്​ നാലുമണിക്ക്​ വളരെ കുറച്ച്‌​ തിയറ്ററില്‍ മാത്രമാണ്​ ട്രെയിലര്‍ റിലീസ്​ ചെയ്​തത്​. തിങ്കളാഴ്ച ഉച്ച രണ്ടുമണിയോടെ തന്നെ ആരാധകര്‍ തിയറ്ററിന്​ പുറത്ത്​ തടിച്ചുകൂടി പൂജ നടത്തുകയും തേങ്ങ ഉടക്കുകയും ചെയ്​തിരുന്നു. രണ്ടുവര്‍ഷത്തിന്​ ശേഷം തെലുഗു സിനിമിയിലേക്ക്​ പവന്‍ കല്യാണിന്‍റെ തിരിച്ചുവരവാണ്​ വക്കീല്‍ സാബിലൂടെ നടക്കുക. ബോളിവുഡ്​ താരം അമിതാഭ്​ ബച്ചന്‍റെ പിങ്ക്​ എന്ന ചിത്രത്തിന്‍റെ തെലുഗു റീമേക്കാണ്​ വക്കീല്‍ സാബ്​.