കാസര്‍കോട് : രാഹുല്‍ഗാന്ധിക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വ്യക്തിപരമായി ആക്രമിക്കാറില്ല. രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ഞങ്ങള്‍ ഇടതുപക്ഷം സ്വീകരിക്കുന്ന നിലയല്ല. രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കേണ്ട കാര്യങ്ങള്‍ എതിര്‍ക്കും. മറ്റു തരത്തില്‍ ഞങ്ങള്‍ സാധാരണ സ്വീകരിക്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്. അതേസമയം ജോയ്‌സ് ജോര്‍ജിന്റെ പ്രസ്താവനയെ ന്യായീകരിക്കുകയാണ് മന്ത്രി എംഎം മണി ചെയ്തത്. ജോയ്‌സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. താനും ആ വേദിയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അനാവശ്യ വിവാദം ഉണ്ടാക്കി വോട്ടുപിടിക്കാന്‍ നോക്കുകയാണെന്നുമാണ് മണി പറഞ്ഞത്.

ഉടുമ്ബന്‍ചോലയില്‍ മന്ത്രി മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ഇടുക്കി മുന്‍ എംപിയായ ജോയ്‌സ് ജോര്‍ജ് രാഹുല്‍ഗാന്ധിക്കെതിരെ ആക്ഷേപപരാമര്‍ശം നടത്തിയത്. രാഹുല്‍ഗാന്ധി പെണ്‍കുട്ടികളുടെ കോളേജില്‍ മാത്രമേ പോകുകയുള്ളൂ. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുത്. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.

ജോയ്‌സിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ പാരമ്ബര്യമാണ് വ്യക്തമാക്കുന്നതെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ജോയ്‌സ് ജോര്‍ജ് മന്ത്രി എംഎം മണിയുടെ നിലവാരത്തിലേക്ക് താഴ്ന്നു. ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ജോയ്‌സ് മ്ലേച്ഛനാണെന്ന് തെളിയിച്ചുവെന്നും അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നുമാണ് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചത്.