ജനനം നിയന്ത്രിക്കണമെന്നും ഏകസിവില്‍ കോഡ് നടപ്പാക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ച് സുരേഷ് ഗോപി. എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഏകസിവില്‍ കോഡ്, ജനന നിയന്ത്രണം എന്നിവയുമായി ബിജെപി വരുന്നത്. നിങ്ങള്‍ രാജ്യസ്നേഹികളാണെങ്കില്‍ ഇത് അംഗീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. ഗുരുവായൂരിലും തലശേരിയിലും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് തലശേരിയില്‍ സ്വതന്ത്രനെയും ഗുരുവായൂരില്‍ ഡിഎസ്ജെപി സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കാനാണ് ബിജെപി തീരുമാനം. ഇതിനിടെയാണ് കെഎന്‍എ ഖാദര്‍ ജയിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഇപ്പോള്‍ ഏകസിവില്‍ കോഡും ജനന നിയന്ത്രണവുമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ നിരന്തരം ആവശ്യപ്പെടുന്നതാണ് ഏകസിവില്‍ കോഡ്. രാമക്ഷേത്രം വിവാദത്തിന് സുപ്രീംകോടതി ഉത്തരവിലൂടെ അന്ത്യമായപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഇനി ഏകസിവില്‍ കോഡ് നടപ്പാക്കുകയാണ് ലക്ഷ്യമെന്നായിരുന്നു രാജ്നാഥ് സിങിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസവും അദ്ദേഹം അതാവര്‍ത്തിച്ചിരുന്നു. സുരേഷ് ഗോപിയുടെ പുതിയ പ്രതികരണം കൂടുതല്‍ ബി ജെ പി യെ ജനങ്ങളുടെ ഹൃദയത്തിലേക്ക് നയിച്ചേക്കും.