കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ വാഹനപര്യടനം നടത്തിയത് യു.ഡി.എഫ്. വിജയപുരം മണ്ഡലത്തിലായിരുന്നു. കോട്ടയം നിയോജക മണ്ഡലത്തിലെ ഗ്രാമീണ മേഖലയിലൂടെ തിരുവഞ്ചൂരിന്റെ വാഹനപര്യടനം കടന്നുവന്നപ്പോള്‍ വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങള്‍ കാത്തുനിന്നിരുന്നു. കൊടും ചൂടിനെ അവഗണിച്ച് തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിക്കാന്‍ പലയിടത്തും കൈക്കുഞ്ഞുമായി അമ്മമാര്‍, ത്രിവര്‍ണ മാലയും പൂക്കളും മൂവര്‍ണഷോളും ഒക്കെയായി മുതിര്‍ന്നവരും കുട്ടികളും ആവേശച്ചൂടില്‍ കാത്തുനിന്നു.

ഓരോ പ്രദേശത്തെത്തുമ്പോഴും ജനം ഓടിയെത്തി തങ്ങള്‍ക്കൊപ്പം എന്നും നില്‍ക്കുന്ന തിരുവഞ്ചൂരിനെ സ്വീകരിച്ച് ആനയിച്ചു. ”ഞങ്ങള്‍ക്ക് നല്ല വഴി തന്നു, ഞങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം തന്നു, ഞങ്ങളുടെ വീട് പട്ടയം തന്നു, ഞങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു, ഞങ്ങള്‍ക്ക് വൃത്തിയുള്ള ശൗചാലയം പണിയിച്ചു തന്നു, അങ്ങനെ ഞങ്ങളുടെ പ്രദേശത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തി തന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അല്ലാതെ വേറെ ആര്‍ക്ക് വോട്ടുനല്‍കും” ഓരോ പ്രദേശത്ത് ചെല്ലുമ്പോള്‍ അവിടുത്തെ അമ്മമാര്‍ക്ക് പറയാനുള്ളത് അതായിരുന്നു.

രാവിലെ കൊശമറ്റം കോളനിയില്‍ നിന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പര്യടനം ആരംഭിച്ചത്. പ്രളയ കാലത്ത് ഏറെ പ്രയാസങ്ങള്‍ നേരിട്ട ജില്ലയിലെ മേഖലകളില്‍ ഒന്നായിരുന്നു അത്. അന്ന് അദ്ദേഹം വള്ളത്തില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ആ നാട്ടുകാര്‍ നന്ദിയോടെ സ്മരിച്ചു. ഞങ്ങളെ സഹായിച്ച, ഞങ്ങളോടൊപ്പമുള്ള തിരുവഞ്ചൂരിന് റെക്കോഡ് ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. വൈകിട്ട് മഴയുടെ ഭീതിയിലും ജനങ്ങള്‍ ആവേശത്തോടെയാണ് സ്ഥാനാര്‍ഥിക്ക് അഭിവാദ്യമര്‍പ്പിക്കാനും വിജയാശംസകള്‍ നേരാനും കാത്തുനിന്നത്. വിവിധ പ്രദേശത്തെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് കളത്തില്‍പ്പടിയില്‍ പര്യടനം സമാപിച്ചു.