വിമാനയാത്രക്കിടെ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥിനെ കണ്ടുമുട്ടിയ രസകരമായ അനുഭവം പങ്കുവെച്ച്‌ കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ്. യാത്രയ്ക്കിടെ അര മണിക്കൂറോളം സംസാരിച്ചിട്ടും തനിക്ക് ആളെ മനസ്സിലായില്ലെന്നും മാസ്‌ക് വെക്കുമ്ബോള്‍ ആളുകള്‍ക്ക് പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഷമ ട്വിറ്ററില്‍ കുറിച്ചു.

‘വിമാനയാത്രയിലെ അവസാന മണിക്കൂറില്‍ മാസ്‌ക് ധരിച്ച ഈ മാന്യനുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. അവസാനമാണ് ഞാന്‍ പേര് ചോദിച്ചത്, ശ്രീനാഥ് എന്ന് മറുപടി ലഭിച്ചു. എന്താണ് ചെയ്യുന്നത് എന്നായിരുന്നു എന്റെ അടുത്ത ചോദ്യം. ക്രിക്കറ്റിലാണ് എന്നായിരുന്നു മറുപടി. അപ്പോഴാണ് അത് ആരാണെന്ന് എനിക്കു കത്തിയത്. മാസ്‌ക് ധരിക്കുമ്ബോള്‍ ആരും മറ്റുള്ളവരെ തിരിച്ചറിയുന്നില്ല.’

ഷമ ട്വിറ്ററില്‍ കുറിച്ചു. വിമാനനത്തില്‍ ശ്രീനാഥിനൊപ്പം ഇരിക്കുന്ന ചിത്രവും അവര്‍ പങ്കുവെച്ചു.

രണ്ട് പതിറ്റാണ്ടിലേറെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ജവഗല്‍ ശ്രീനാഥ് 67 ടെസ്റ്റുകളും 229 ഏകദിന മത്സരങ്ങളും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഓപണിങ് ബൗളറായിരുന്ന താരം ടീമില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് വിരമിക്കാന്‍ തീരുമാനിച്ചെങ്കിലും ക്യാപ്ടന്‍ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 2003 ലോകകപ്പില്‍ കളിക്കാന്‍ സന്നദ്ധനായി. 2003 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍ ശ്രീനാഥായിരുന്നു. ഇന്ത്യക്കു വേണ്ടി നാല് ഏക ലോകകപ്പ് കളിച്ച ഏക സ്‌പെഷ്യലിസ്റ്റ് ബൗളറും ശ്രീനാഥാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം കമന്റേറ്ററായും മാച്ച്‌ റഫറിയായും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായും ശ്രീനാഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈയിടെ, ട്വിറ്ററിന് പകരമായി അവതരിപ്പിക്കപ്പെട്ട ‘കൂ’ ആപ്പില്‍ ശ്രീനാഥ് നിക്ഷേപം നടത്തിയിരുന്നു.