തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീവിരുദ്ധത പരാമര്‍ശത്തില്‍ അപലപിച്ച്‌ വനിതാ നേതാക്കള്‍. വിവാദ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്തെത്തി. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോ​ഗ്യമന്ത്രി പ്രതികരിച്ചു. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നുമുണ്ടായതെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമായില്ലെന്നും അവര്‍ പറഞ്ഞു.

” ബലാത്സംഗത്തിന്​ ഇരയാകുന്ന സ്ത്രീകളും പെണ്‍കുട്ടികളും ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന രീതിയിലുള്ള പരാമര്‍ശം ഈ സമൂഹത്തിന് അപമാനകരമാണ്.

ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനും മറ്റേതൊരു കുറ്റകൃത്യത്തേക്കാളും നീചമായ അക്രമം നടത്തിയയാളെ ശിക്ഷിക്കാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇവിടെ ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അല്ലെങ്കില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പറയുന്നു.

ബലാത്സം​ഗം മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. മുല്ലപ്പള്ളിയുടെ പരാമര്‍ശം സ്ത്രീകളെ ആകെ അപമാനിക്കുന്നതാണ്” – ശൈലജ പറഞ്ഞു.

മുല്ലപ്പള്ളിക്കെതിരെ നടപടി എടുക്കുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന്‍െറ അന്തസിന് യോജിക്കുന്ന പരാമര്‍ശമല്ല മുല്ലപ്പള്ളിയുടേതെന്നും ബലാത്സംഗം എന്താണെന്ന് മുല്ലപ്പള്ളി മനസിലാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു.

സ്​ത്രീവിരുദ്ധ പാരാമര്‍ശങ്ങള്‍ ആരുടേതാ​െണങ്കിലും അംഗീകരിക്കാനാവില്ലെന്ന്​ ഷാനിമോള്‍ ഉസ്​മാനും പ്രതികരിച്ചു.