തൃശൂര്‍: തൃശൂര്‍ പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സാധാരണ നിലയില്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ഇരു ദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോര്‍ കമ്മറ്റിയുമായും നടത്തിയ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.പൂരം അതിന്‍്റെ എല്ലാ ആചാര, ആഘോഷ ചടങ്ങുകള്‍ ഉള്‍പ്പെടുത്തി തന്നെ നടത്താം.

എന്നാല്‍ ജനങ്ങളെ നിയന്ത്രിക്കുന്നതുള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഏറ്റെടുക്കണം. പൂരം എക്സിബിഷനും സാധാരണ പോലെ നടത്താം. മുന്‍ കാലങ്ങളിലെ പോലെ മാനുവല്‍ ടിക്കറ്റിങ് സംവിധാനമാണ് ഇതില്‍ ഏര്‍പ്പെടുത്തുക. എന്നാല്‍ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

പൂരത്തിന്‍്റെ പ്രധാന ചടങ്ങുകളിലും ആഘോഷങ്ങളിലും ഉണ്ടാവാന്‍ സാധ്യതയുള്ള തിരക്ക് നിയന്ത്രിക്കാന്‍ ഇരു ദേവസ്വങ്ങള്‍ക്കൊപ്പം കൊച്ചിന്‍ ദേവസ്വം ബോര്‍ഡും മേല്‍നോട്ടം വഹിക്കണമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ ഒന്നു മുതല്‍ ഇരുദേവസ്വങ്ങളുടെയും 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ നടത്തും. ഇതിനായി ഇരു ദേവസ്വവും വാക്സിനേഷനുള്ള പട്ടിക ഉടന്‍ നല്‍കണമെന്നും ഇവര്‍ക്ക് നിര്‍ദ്ദേശിക്കുന്ന മെഡിക്കല്‍ ക്യാമ്ബില്‍ നേരിട്ടു ചെന്ന് വാക്സിനേഷന്‍ എടുക്കാമെന്നും ഡി എം ഒ കെ ജെ റീന അറിയിച്ചു. ഇതിന് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമതി. ഓണ്‍ലൈനിലൂടെ ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ഡി എം ഒ വ്യക്തമാക്കി.

പൊലീസ് സേനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തവും പൂരത്തിലുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയും വ്യക്തമാക്കി.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് വി നന്ദകുമാര്‍, ദേവസ്വം സ്പെഷല്‍ കമ്മീഷണര്‍ എന്‍ ജ്യോതി, പാറമേക്കാവ് ദേവസ്വം പ്രസിഡന്‍്റ് സതീഷ് മേനോന്‍, സെക്രട്ടറി ജി രാജേഷ്, തിരുവമ്ബാടി ദേവസ്വം പ്രസിഡന്‍റ് ചന്ദ്രശേഖരന്‍, സെക്രട്ടറി രവികുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.