രവിചന്ദ്രന്‍ അശ്വിനെ പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ഇന്ത്യയുടെ മുന്‍ മുഖ്യ ചീഫ് സെലക്ടര്‍ ദിലീപ് വെങ്സര്‍ക്കാര്‍. താന്‍ സെലക്ഷന് കമ്മിറ്റിയില്‍ ഇപ്പോള്‍ ഉണ്ടെങ്കില്‍ അശ്വിനെ തീര്‍ച്ചയായും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഉള്‍പ്പെടുത്തുമായിരുന്നുവെന്ന് വെങ്സര്‍ക്കാര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയില്‍ കുല്‍ദീപ് യാദവും ക്രുണാല്‍ പാണ്ഡ്യയും സ്പിന്‍ ബൗളര്‍മാര്‍ എന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്നു. രണ്ടാം ഏകദിനത്തില്‍ 16 ഓവറില്‍ 156 റണ്‍സാണ് ഇരുവരും വിട്ടുനല്‍കിയത്. വിക്കറ്റൊന്നും സ്വന്തമാക്കാന്‍ സാധിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് ആര്.അശ്വിനെ വീണ്ടും പരിമിത ക്രിക്കറ്റിലേക്ക് തിരിച്ചെത്തിക്കണമെന്ന് വെങ്സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
“ഒരുപാട് വ്യത്യസ്തതകളും വേറിട്ട ശെെലിയുമുള്ള ബൗളറാണ് അശ്വിന്. അദ്ദേഹത്തിനു വലിയ അനുഭവ സമ്ബത്തുണ്ട്. തീര്‍ച്ചയായും ഏകദിന ക്രിക്കറ്റിലേക്ക് അദ്ദേഹം പരിഗണിക്കപ്പെടണം. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം മികച്ച ഫോമിലുമാണ്. അശ്വിന് തിരിച്ചെത്തുകയാണെങ്കില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും,” വെങ്സര്‍ക്കാര്‍ പറഞ്ഞു.
വാഷിങ്ടണ്‍ സുന്ദറിനെയും രവിചന്ദ്രന്‍ അശ്വിനെയും താരതമ്യം ചെയ്യുന്നതില്‍ വെങ്സര്‍ക്കാര്‍ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി. ഇരുവരെയും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് വെങ്സര്‍ക്കാര്‍ പറഞ്ഞു. വാഷിങ്ടണ്‍ സുന്ദറിനെയും അശ്വിനെയും ബോളിങ് മികവിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് വെങ്സര്ക്കാറുടെ അഭിപ്രായം.
“മധ്യ ഓവറുകളില്‍ കൃത്യമായി വിക്കറ്റുകള്‍ എടുക്കുകയാണ് ഒരു സ്പിന്നറുടെ ഉത്തരവാദിത്തം. അങ്ങനെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചില്ലെങ്കില്‍ എതിരാളികള്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കും. ഇങ്ങനെയൊരു സാഹചര്യത്തില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ അശ്വിന് സാധിക്കും. പക്വതയുടെ സ്പിന്നറാണ് അശ്വിന്. മധ്യ ഓവറുകളില്‍ അശ്വിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താം,” വെങ്സര്‍ക്കാര്‍ പറഞ്ഞു.