തൃശൂര്‍:പൂരവും പ്രദര്‍ശനവും നടത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ രേഖമൂലം ഉള്ള ഉറപ്പ് ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ചു തൃശൂര്‍ മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ത്ഥി പദ്മജ വേണുഗോപാല്‍ കോര്പറേഷന് ഓഫീസിനു മുന്നില്‍ ഉപവാസം തുടങ്ങി.കോര്പറേഷന് ഓഫിസിന് മുന്നില്‍ രാവിലെ 99 നു ആരംഭിച്ച സമരം വൈകിട്ട് വരെ നീണ്ടു നില്കും
ഇന്നലെ പൂരത്തിന് നിയന്ത്രണം ഉണ്ടാകില്ലെന്നു കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രേഖമൂലം ഉള്ള ഉറപ്പ് നല്‍കണം എന്നാവശ്യവുമായി പദ്മജ രംഗത്ത് എത്തിയത്.. തൃശൂര്‍ പൂരം പ്രദര്‍ശനത്തിന് ഒരേസമയം 200 ലേറെ പേര് പാടില്ലെന്നത് അടക്കമുളള നിര്‍ദ്ദേശങ്ങളും നിബന്ധനകളും ഭരണകൂടവും പൊലീസും ആരോഗ്യവകുപ്പും കര്‍ശനമാക്കിയതോടെ, ദേവസ്വങ്ങളും പൂരപ്രേമികളും കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. പൂരം മുന്‍കാലങ്ങളിലേതുപോലെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണെന്നും തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയതിനൊപ്പം തന്നെ യു.ഡി.എഫും വിഷയം ഏറ്റെടുക്കുകയായിരുന്നു. എന്‍.ഡി.എയും സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചാരണവിഷയമായി ഉയര്‍ത്തിക്കഴിഞ്ഞു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തില്‍ കൗണ്ടറില്‍ നിന്ന് പൂരം പ്രദര്ശനടിക്കറ്റ് എടുക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് കത്തുനല്‍കിയിരുന്നു.
എന്നാല്‍ ടിക്കറ്റ് സംവിധാനം എങ്ങനെ വേണമെന്നതിനെ കുറിച്ച് മുന്‍പ് ഔദ്യോഗിക തീരുമാനം ഉണ്ടായിരുന്നില്ലെന്നും പറയുന്നു. ഇതിനിടെ, പൂരം സംബന്ധിച്ച് ഉദ്യോഗസ്ഥരല്ല, സംഘാടകരും സര്‍ക്കാരുമാണ് തീരുമാനമെടുക്കേണ്ടതെന്ന അഭിപ്രായവും ശക്തമായി. കൊവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിന് വൈകാരിക തലങ്ങളേക്കാള്‍ പ്രായോഗിക ഇടപെടലുകളാണ് വേണ്ടതെന്നും ചില സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു പ്രതിഷേധത്തിനിടെ, പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കൊച്ചിന് ദേവസ്വം ആസ്ഥാനത്ത് ക്ഷേത്ര ഭാരവാഹികളുടെ അടിയന്തര യോഗവും വിളിച്ചു ചേര്‍ത്തു. മന്ത്രി വി.എസ്.സുനില്‍കുമാറും യോഗത്തില്‍ പങ്കെടുത്തു. വൈകിട്ട് ജില്ലാ കളക്ടറും യോഗം വിളിച്ചുചേര്‍ത്തു. ആരോഗ്യവകുപ്പിന്റെ നിലപാട് ദുരുദ്ദേശ്യത്തോടെയെന്നും ആക്ഷേപമുയരുകയും പ്രദര്‍ശനം കടുത്ത നിബന്ധനകളോടെയെങ്കില് പൂരവും ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചതോടെയുമാണ് ഉടന്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായത്.തൃശൂരിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയം ആയി മാറുകയാണ് പൂരം.