കൊച്ചി: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കു വേണ്ടി വോട്ടര്‍മാരോട് വോട്ട് ചോദിക്കാനെത്തില്ല. കഴിഞ്ഞ തവണ പത്തനാപുരത്ത് മത്സരിച്ച ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ എത്തിയതും തുടര്‍ന്നുള്ള സംഭവങ്ങളും വിവാദമായിരുന്നു. എന്നാല്‍ ഇത്തവണ പത്തനാപുരത്ത് മത്സരിക്കുന്ന എ.ല്‍.ഡി.എഫിലെ ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങില്ല. കാരണം പത്തനാപുരത്ത് പ്രചരണത്തിന് പോയാല്‍ തൃശൂരില്‍ സുരേഷ് ഗോപിക്കും വോട്ട് ചോദിക്കണം. ഈ രാഷ്ട്രീയ പ്രശ്‌നം ഒഴിവാക്കാനാണ് തീരുമാനം.
തിരക്കുകളിലാണ് മോഹന്‍ലാല്‍. നടനെന്ന ഇമേജിന് അപ്പുറം സംവിധായകന്‍ ആവുകയാണ് ലാല്‍. ബുധനാഴ്ച ബറോസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. ഇതിനൊപ്പം എല്ലാ വെള്ളിയാഴ്ചയും ഏഷ്യാനെറ്റിന്റെ ബിഗ് ബോസിലും പങ്കെടുക്കണം. കോവിഡ് പ്രതിസന്ധിയുമുണ്ട്. അതിനാല്‍ പ്രചാരണത്തിനിറങ്ങാന്‍ കഴിയില്ലെന്നാണ് ലാല്‍ പറയുന്നത്.
രാഷ്ട്രീയത്തില്‍ നിന്ന് തത്ക്കാലം അകലം പാലിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി മോദി അടക്കമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് ലാലിനെ ക്ഷണിച്ചിരുന്നു. അത് വേണ്ടെന്ന് വെച്ച ലാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ പ്രചരണ വേദിയില്‍ നിന്നും വിട്ടു നില്‍ക്കും.