കോട്ടയം ∙ ഫിഷറീസ് വകുപ്പ് ‘അറബിക്കടൽ’ വിൽക്കാനുള്ള ശ്രമത്തിലാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുഡിഎഫ് ചിങ്ങവനം മണ്ഡലത്തിലെ വാഹന പര്യടനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫിഷറീസ് വകുപ്പിന്റെ കീഴിൽ കോട്ടയത്തിനായി അനുവദിച്ച പദ്ധതികൾ പോലും നടപ്പിലാക്കാൻ ഇടതു സർക്കാർ ശ്രമിച്ചില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെ. ബാബു ഫിഷറീസ് മന്ത്രിയായിരുന്നപ്പോൾ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ ശുദ്ധജലത്തിനും റോഡ് പുനരുദ്ധാരണത്തിനും പദ്ധതികൾ നടപ്പിലാക്കി.

നാടിന്റെ മോചനത്തിനായുള്ള യാത്രയാണ് ഈ തിരഞ്ഞെടുപ്പെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇന്നലെ രാവിലെ വീടുകളിൽ സന്ദർശനം നടത്തിയായിരുന്നു തിരുവഞ്ചൂരിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. സൗഹൃദങ്ങൾ പുതുക്കിയും ക്ഷേമം അന്വേഷിച്ചും പ്രചാരണം.

ഉച്ചകഴിഞ്ഞ് യുഡിഎഫ് ചിങ്ങവനം മണ്ഡലത്തിൽ വാഹന പര്യടനം ആരംഭിച്ചു. എഐസിസി നിരീക്ഷകനും കർണാടക എംഎൽസിയുമായ നാരായൺ സ്വാമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടിനോ കെ. തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, ടി.സി. അരുൺ, ടി.സി. ചാണ്ടി, സണ്ണി കാഞ്ഞിരം എന്നിവർ പ്രസംഗിച്ചു. പന്നിമറ്റം, നിർമിതി കോളനി, ടഗോർ ക്ലബ് പള്ളം, വാലേകടവ്, തൈപ്പറമ്പ്മുക്ക്, മിഷ്യൻപള്ളി, പോളച്ചിറ, പാലംമൂട്, വാഴച്ചിറകടവ്, എഫ്എസിടി കടവ്, കോളനിമുക്ക് – ലക്ഷംവീട്, മൂലംകുളം, ആക്കളം എന്നിവിടങ്ങളിൽ പര്യടനം നടത്തി.