കോട്ടയം ∙ ജനങ്ങളോട് എന്തെങ്കിലും ആത്മാർഥതയുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച പദ്ധതികളെങ്കിലും പൂർത്തിയാക്കാനുള്ള മനസ്സ് ഇടതുപക്ഷ സർക്കാർ കാണിക്കണമായിരുന്നുവെന്നു യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസ് കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ വാഹന പര്യടനത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചത് ഇടതുപക്ഷമാണ്. ഒരു പദ്ധതി പോലും കോട്ടയത്തു കൊണ്ടുവരാൻ അവർക്കു കഴിഞ്ഞില്ല. യുഡിഎഫ് സർക്കാർ തുടങ്ങിവച്ച 17 പദ്ധതികൾക്കു തടസ്സം നിന്നു. എൽഡിഎഫ് സർക്കാർ കോട്ടയത്തിനായി ആകെ ചെയ്തതു രാജീവ് ഗാന്ധി ഇന്റർനാഷനൽ ഇൻഡോർ സ്‌റ്റേഡിയം എന്നതിന്റെ പേര് കോട്ടയം ഇൻഡോർ സ്‌റ്റേഡിയം എന്നാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

വാഹനപര്യടനം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് എഐസിസി അംഗം കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ഗോപകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലമ്പള്ളി, മോഹൻ കെ. നായർ, എൻ.എസ്.ഹരിശ്ചന്ദ്രൻ, എസ്.രാജീവ് എന്നിവർ പ്രസംഗിച്ചു. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനു സ്വീകരണം നൽകാൻ കനത്ത മഴയെ അവഗണിച്ചും ഒട്ടേറെ പേർ വൈകിട്ട് മുള്ളൻകുഴി കോളനിയിൽ കാത്തുനിന്നു. പള്ളിപ്പറമ്പ്, കന്നുകുഴിച്ചിറ, പുളിക്കൽച്ചിറ, കാച്ചുവേലിക്കുന്ന്, ഒരപ്പാൻകുഴി, വിജയപുരം കോളനി, കുരിക്കശ്ശേരിൽ, വെട്ടൂർ ജംക്‌ഷൻ, അംബേദ്കർ കോളനി, തടത്തിൽപറമ്പ് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്കു ശേഷം കെഎസ്ആർടിസി ജംക്‌ഷനിൽ പര്യടനം അവസാനിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വാഹന പര്യടനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് 3നു കോൺഗ്രസ് ചിങ്ങവനം മണ്ഡലത്തിൽ പര്യടനം നടത്തും.