കോട്ടയം ∙ നാടിന്റെ വികസനം തടഞ്ഞവരെ ജനം തിരുത്തുന്ന അവസരമായി ഇത്തവണത്തെ തിരഞ്ഞെടുപ്പു മാറുമെന്നു നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മണ്ഡലത്തിലെ വിവിധ കുടുംബ കൺവൻഷനുകളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ പതിനഞ്ചിൽക്കടവ് ഭാഗത്തെ വീടുകൾ സന്ദർശനം നടത്തിയാണ് ഇന്നലത്തെ പ്രചാരണം ആരംഭിച്ചത്.

തുടർന്നു കൊല്ലാട്, കടുവാക്കുളം, പൂവന്തുരുത്ത് ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിച്ചു. കോൺഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റി തിരുവഞ്ചൂർ രാധാകൃഷ്ണനു സ്വീകരണമൊരുക്കി. നടനും നിർമാതാവുമായ പ്രേംപ്രകാശിന്റെ വസതിയിൽ വൈകിട്ട് സാഹിത്യ പ്രവർത്തകരും തിരുവഞ്ചൂരിന്റെ സുഹൃത്തുക്കളും ഒത്തുചേർന്നു. ജോയ് തോമസ് അധ്യക്ഷത വഹിച്ചു.

യോഗം ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് മുല്ലശേരി, മാത്യു പ്രാൽ, കൈനകരി ഷാജി, ഇബ്രാഹിംകുട്ടി, കലാസംഗം ഹംസ എന്നിവർ പ്രസംഗിച്ചു. കുമാരനല്ലൂർ മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. വടവാതൂർ, അർത്യാകുളം ബൂത്തുകളിലെ തിരഞ്ഞെടുപ്പു കൺവൻഷനുകളിലും അദ്ദേഹം പങ്കെടുത്തു. എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ ശാസ്ത്രി റോഡിലുള്ള നിയോജക മണ്ഡലം യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് സന്ദർശിച്ചു.