കോട്ടയം ∙ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ ചൂടുപിടിച്ചതോടെ സ്ഥാനാർഥികളും പ്രചാരണച്ചൂടിലായി. നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ പ്രചാരണം പൂർത്തിയാക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ.

യുഡിഎഫ് വന്നാൽ 3000 രൂപ ക്ഷേമ പെൻഷൻ: തിരുവഞ്ചൂർ

കോട്ടയം ∙ യുഡിഎഫ് അധികാരത്തിൽ വന്നാൽ പ്രകടന പത്രികയിൽ പറയുന്നതു പോലെ സാധുക്കളെ സഹായിക്കുന്നതിന് എല്ലാ മാസവും 3000 രൂപ പെൻഷൻ നൽകുമെന്നും അതിനു ഭാഷാ വ്യത്യാസമുണ്ടാകില്ലെന്നും നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയത്ത് താമസമാക്കിയ തമിഴ് വംശജരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കുടുംബത്തിലെ പശ്ചാത്തലത്തിൽ എന്ന പോലെയാണ് തമിഴ് വംശജർ കേരളത്തിൽ ഇന്നു ജീവിക്കുന്നത്. അവർ കേരളത്തിൽ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ, കൗൺസിലർ ജയകൃഷ്ണൻ, എൻ.എസ്.ഹരിശ്ചന്ദ്രൻ, വി.ടി.സോമൻകുട്ടി എന്നിവർ പ്രസംഗിച്ചു.

ദേവാലയങ്ങളിൽ പ്രചാരണം നടത്തി

ഇന്നലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാന് വടവാതൂർ സിഎസ്ഐ പള്ളിയിലും മൂലേടം സിഎസ്ഐ പള്ളിയിലും നൽകിയ സ്വീകരണങ്ങളിലും അദ്ദേഹം പങ്കെടുത്തു.

കൊല്ലാട്, വിജയപുരം, ചിങ്ങവനം, നാട്ടകം, കുമാരനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബയോഗങ്ങളിൽ സ്ഥാനാർഥി സംബന്ധിച്ചു ആനത്താനത്ത് കോൺഗ്രസ് കുടുംബയോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുത്തു.