കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നാലാം ഘട്ടത്തിലേക്ക്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് കണ്‍വന്‍ഷനുകള്‍ നടത്തിയായിരുന്നു പ്രചാരണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചത്.

രണ്ടാം ഘട്ടമായി ബൂത്ത് കമ്മിറ്റികളും കുടുംബയോഗങ്ങളും ഭവന സന്ദര്‍ശനങ്ങളും വ്യാപാര സ്ഥാപന സന്ദര്‍ശനങ്ങളും നടത്തി. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിനായിരുന്നു തിരുവഞ്ചൂര്‍ മുന്‍തൂക്കം നല്‍കിയിരുന്നത്. ചിങ്ങവനം പരുത്തുംപാറയിലെ പൊതുസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചിരുന്നു. കുമാരനല്ലൂരില്‍ ഭവന സന്ദര്‍ശനം നടത്തിയായിരുന്നു തിരുവഞ്ചൂരിന്റെ കഴിഞ്ഞദിവസത്തെ പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലത്തിലെ കഞ്ഞിക്കുഴി ഭാഗത്ത് ഭവന സന്ദര്‍ശനം നടത്തി. മറിയപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് ഓഫിസ് ഉദ്ഘാടനവും നടത്തി. മാണിക്കുന്നം, മാങ്ങാനം, ചാന്നാനിക്കാട്, ആനത്താനം, പാറമ്പുഴ എന്നിവിടങ്ങളില്‍ കുടുംബയോഗത്തിലും പങ്കെടുത്തു. കോണ്‍ഗ്രസ് കുമാരനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് വാഹന പര്യടനം കുമാരനല്ലൂര്‍ കിഴക്കേനടയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

എല്ലായിടത്തും ജനങ്ങള്‍ ആവേശത്തോടെയാണ് തിരുവഞ്ചൂരിനെ സ്വീകരിച്ചത്. വിജയപ്രതീക്ഷയാണ് ഉള്ളതെന്നു മണ്ഡലത്തില്‍ യുഡിഎഫ് തരംഗമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനു വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്, ജയിച്ചു വരുമ്പോള്‍ കോട്ടയത്തിന്റെ മുഖഛായ ഇനിയും മാറ്റും, അദ്ദേഹം ആവര്‍ത്തിച്ചു.