ന്യൂഡല്‍ഹി :വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയില്‍ അനിശ്ചിതത്വം തുടരുമ്ബോളും കാര്‍ഷിക രംഗത്തെ ആധുനികവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്‍ കീബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 75ാമത് പതിപ്പായിരുന്നു ഇന്നലെ പ്രക്ഷേപണം ചെയ്തത്. ജീവിതത്തിന്റെ നാന തുറയിലും ആധുനികത അനിവാര്യമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ജീവിതം ഭാരമായിത്തീരും. ഇന്ത്യന്‍ കാര്‍ഷിക ലോകത്തില്‍ ആധുനികത ആവശ്യമാണ്. ഇപ്പോള്‍ തന്നെ വളരെ വൈകിപ്പോയി. കാര്‍ഷികമേഖലയില്‍ പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പരമ്ബരാഗത കൃഷിയോടൊപ്പം പുതിയ പുതിയ രീതികളും സ്വായത്തമാക്കേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ അച്ചടക്കത്തിന്റെ അത്ഭുതകരമായ ഉദാഹരണമായിരുന്നുവെന്നും വാക്‌സിനേഷന്‍ രാജ്യത്ത് നല്ലരീതിയില്‍ പുരോഗമിക്കുകയാണെന്നും മോദി പറഞ്ഞു. എല്ലാവരും വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണമെന്ന് മോദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍ തികച്ച ആദ്യ ഇന്ത്യക്കാരി മിതാലി രാജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.മിതാലിയുടെ കഠിന പരിശ്രമത്തിന്റേയും വിജയത്തിന്റേയും കഥ വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്ക് മാത്രമല്ല, പുരുഷ ക്രിക്കറ്റര്‍മാര്‍ക്കും പ്രേരകമാണെന്ന് മോദി പറഞ്ഞു. 2004 ലെ സുനാമിയില്‍ ജീവന്‍ നഷ്ടപ്പെട്ട ആന്‍ഡമാന്‍ നിക്കോബാറിലെയും തമിഴ്‌നാട്ടിലെയും ലൈറ്റ് ഹൗസുകളില്‍ പണിയെടുത്തിരുന്ന 14 ജോലിക്കാര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.