കോട്ടയം: ഇടതുമുന്നണിയെ ഏതുവിധേനയും ഭരണത്തില്‍ നിലനിര്‍ത്താന്‍ കത്തോലിക്ക സഭയും കേരള കോണ്‍ഗ്രസ് എമ്മും ചേര്‍ന്നൊരുക്കിയ തിരക്കഥ അവസാന ഘട്ടത്തിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും നാള് മാത്രം അവശേഷിക്കെ ലവ് ജിഹാദ് പ്രധാനപ്രശ്നമായി ഉയര്‍ത്തുകയാണ് സഭയും ജോസ് കെ. മാണിയും. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്ന ആവശ്യം സ്വകാര്യ ചാനലിെന്റ തെരഞ്ഞെടുപ്പ് പരിപാടിക്കിെട കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി ഉന്നയിക്കുകയായിരുന്നു. ഹൈകോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിനു വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിെന്റ മറുപടി.
ഇതുവരെ കേരളത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലാരും ഉന്നയിക്കാത്ത ആവശ്യമാണ് ജോസ് കെ. മാണിയുടേത്. ഇതിെന്റ ചുവടുപിടിച്ച് ലവ് ജിഹാദ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി തയാറാകണമെന്ന ആവശ്യവുമായി കാത്തലിക് ഫോറം അടക്കം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ലവ് ജിഹാദ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മാറുകയാണ്.
കാലങ്ങളായി ഇടതുപക്ഷത്തോട് മുഖം തിരിച്ചുനില്‍ക്കുന്ന കത്തോലിക്ക വിശ്വാസികളെ ആകര്‍ഷിക്കാന്‍ ലവ് ജിഹാദും കര്‍ഷക പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ സി.പി.എം-ജോസ് കെ. മാണി-കത്തോലിക്ക സഭ സഖ്യം ലക്ഷ്യമിട്ടിരുന്നു. ഇത് സംബന്ധിച്ച പ്രചാരണങ്ങള്‍ നേരേത്ത തന്നെ പ്രാര്‍ഥന ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. അനുകൂല സമീപനം പല ബിഷപ്പുമാരും പരസ്യമായി സ്വീകരിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്ബ് യു.ഡി.എഫ് നിയന്ത്രിക്കുന്നത് മുസ്ലിംലീഗ് ആണെന്നും അവിടെ നിന്നാല്‍ ൈക്രസ്തവര്‍ക്ക് ഗുണം കിട്ടില്ലെന്നുമുള്ള പ്രചാരണം ബോധപൂര്‍വം നടത്താന്‍ വിശ്വാസികളുടെ ഗ്രൂപ്പുകള്‍ ശ്രദ്ധിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുസ്ലിം സമുദായത്തിന് മാത്രം കിട്ടാന്‍ ഇതാണ് കാരണമെന്ന വാദത്തിന് അന്ന് സ്വീകാര്യതയും കിട്ടി.
ഫലത്തില്‍ ക്രൈസ്തവര്‍ക്കിടയില്‍ മുസ്ലിം ഇതര വികാരം ശക്തിപ്പെടാനാണ് മാണി ഗ്രൂപ്പിെന്റ ഇടതുമുന്നണി പ്രവേശനവും തുടര്‍ന്നുവന്ന തദ്ദേശ തെരഞ്ഞെടുപ്പും വഴിയൊരുക്കിയത്. തൊടുപുഴയിലെ കൈവെട്ട് കേസും ഹാഗിയ സോഫിയ വിവാദവും ഉയര്‍ത്തിക്കാട്ടി ഇൗ വികാരം ആളിക്കത്തിക്കാനും ശ്രമം നടന്നു. ഇതൊക്കെ വിജയം കണ്ട സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുള്ള അടവുകള്‍ ഒരുക്കിയത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 92 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. 63 എണ്ണത്തില്‍ വിജയിച്ചു. 27 മണ്ഡലത്തില്‍ ഫലം അനുകൂലമാകാന്‍ കാരണം ബി.ജെ.പിക്ക് ഇവിടെ കൂടുതല്‍ വോട്ട് നേടാനായതാണ്. ഈ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്നതാണ്. ഇക്കുറി കത്തോലിക്ക സഭയുടെ പിന്തുണയുള്ള ജോസ് കെ. മാണി വിഭാഗത്തെ കൂടെ നിര്‍ത്തിയാല്‍ യു.ഡി.എഫിന് ലഭിക്കുന്ന വോട്ടുകളില്‍ കാര്യമായ കുറവുണ്ടാക്കാനാകുമെന്നും തുടര്‍ഭരണം ലഭിക്കുമെന്നുമാണ് സി.പി.എം കണക്കുകൂട്ടുന്നത്.