തിരുവനന്തപുരം: വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെതിരെ പച്ചനുണകള്‍ പ്രചരിപ്പിക്കുന്നത് സ്വര്‍ണക്കടത്തിന്റെ ജാള്യത മറച്ചുവച്ച് ജനശ്രദ്ധ മാറ്റാനാണെന്നു ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മന്ത്രി കടകംപള്ളി സുരേന്ദ്രന് യാഥാര്‍ഥ്യം ജനങ്ങളില്‍നിന്ന് ഒളിപ്പിച്ചുവച്ചു സ്വയം കയ്യടി നേടാന്‍ ശ്രമിക്കുകയാണെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്…
വികസനച്ചിറക് അരിയുന്നവര് !
സ്വര്‍ണ്ണക്കടത്തിന്റെ ജാള്യത മറച്ച് വെച്ച് ജനശ്രദ്ധ മാറ്റാനാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്ബനിക്ക് തീറെഴുതിയെന്നും വിറ്റുവെന്നും മറ്റും പച്ചനുണകള്‍ പ്രചരിപ്പിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് യാഥാര്‍ഥ്യം ജനങ്ങളില്‍ നിന്നും ഒളിപ്പിച്ചുവെച്ച് സ്വയം കയ്യടി നേടാന്‍ ശ്രമിക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്ബനിക്ക് കൊടുത്തത് രഹസ്യമായല്ല. എല്ലാവിധ നടപടിക്രമങ്ങളും നിയമപരമായ കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ടാണ്. ഹൈക്കോടതിയും അംഗീകരിച്ചുകഴിഞ്ഞു. വിമാനത്താവളം പിടിച്ചെടുക്കാന്‍ കേരള സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നാണ് ഇപ്പോള്‍ മന്ത്രി കടകംപള്ളി പറയുന്നത്. ലേലത്തില്‍ പങ്കുകൊണ്ട് എല്ലാ കൈമാറ്റ വ്യവസ്ഥകളും അംഗീകരിച്ച കേരള സര്‍ക്കാര്‍, തൊറ്റുകഴിഞ്ഞപ്പോള്‍ ലേലം ശരിയായില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥം ? കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. പലതും പൂട്ടി. വിദേശ കണ്‍സള്‍ട്ടന്‍സി കമ്ബനികള്‍ക്ക് പല പ്രോജക്ടുകളും തീറെഴുതിക്കൊടുത്തു. നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കോടികള്‍ കേരള സര്‍ക്കാര്‍ മുടക്കുന്നു.
വസ്തുതകള്‍ ഇതായിരിക്കെ, വിമാനത്താവളത്തെ ലാഭകരമാക്കാനും, യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും, വികസിപ്പിക്കാനും ഒരു സ്വകാര്യ കമ്ബനി തയ്യാറാകുമ്ബോള്‍ കേരള സര്‍ക്കാര്‍ ഇടംകോലിട്ട് മുടക്കാന്‍ നോക്കുന്നത് ഇവിടെ മാത്രം നാം കാണുന്ന പ്രതിഭാസമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വന്‍കിട പ്രൊജക്റ്റുകള്‍ക്ക് വാതിലുകള്‍ തുറന്നിടുന്നു.
ഉത്തര്‍ പ്രദേശില്‍ 78 പ്രോജക്റ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. മറ്റ് വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്ബനികള്‍ ഏറ്റെടുത്തതോടെ ലാഭകരമായി.വിമാനത്താവളം വിപുലമായ സൗകര്യങ്ങളോടെ വികസിപ്പിച്ചാല്‍ അത് തലസ്ഥാന നഗരിയുടെ വികസന സ്വപ്നങ്ങളാണ് സാക്ഷാത്കരിക്കുന്നത്.
അടുത്ത കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ഇരുളടഞ്ഞ നഗരത്തിന് വേണ്ടിയാണോ സിപിഎം നിലനില്‍ക്കുന്നതെന്ന് വോട്ടര്‍മാരോട് വ്യക്തമാക്കേണ്ടി വരും. തിരുവനന്തപുരത്തിന്റെ വികസനച്ചിറകുകള്‍ വിരിയണോ അതോ അരിയണോ ? അതാകട്ടെ അടുത്ത കോര്പറേഷന് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മുന്നിലെ ചോദ്യം!