സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ലഹരിമരുന്ന് കേസില്‍ കുരുക്കാനുള്ള നീക്കങ്ങളുമായി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബി ഉദ്യോഗസ്ഥര്‍ ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഓഫീസിലെത്തി ഇ ഡി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ബിനീഷിന്റെ മൊഴികള്‍ പരിശോധിച്ചു. സാമ്ബത്തിക തട്ടിപ്പ് കേസിലാണ് ബിനീഷ് കോടിയേരിയെ നിലവില്‍ ഇ ഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബംഗളൂരുവിലെ ഇ ഡി ഓഫീസിലെത്തിയ എന്‍സിബി ഉദ്യോഗസ്ഥര്‍ ബിനീഷും ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മിലുള്ള സാമ്ബത്തിക ഇടപാട് സംബന്ധിച്ച മുഴുവന്‍ രേഖകളും ശേഖരിച്ചു. ഇ ഡി കസ്റ്റഡി കാലാവധി നാളെ തീരും. നാളെ ബിനീഷിനെ എന്‍സിബി കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ ബിനീഷ് പണം നല്‍കിയതായുള്ള അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിക്കുന്നത്. ഇത്തരത്തില്‍ പണം നല്‍കിയതായി ബിനീഷ് നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്‍സിബി എടുത്ത ലഹരിമരുന്ന് കേസില്‍ അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്. ഇന്നലെ ബിനീഷിനെ 10 മണിക്കൂര്‍ ഇ ഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമായിരുന്നു നീണ്ട ചോദ്യം ചെയ്യല്‍. വെള്ളിയാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ലഹരിമരുന്ന് ഇടപാടുകള്‍ക്കായി 50 ലക്ഷം രൂപ എത്തിയെന്നും ബിനീഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ പണം വന്നതെന്നുമാണ് അനൂപ് മുഹമ്മദിന്റെ മൊഴി. 20 അക്കൗണ്ടുകള്‍ വഴി പണം വന്നതായാണ് അനൂപ് പറയുന്നത്. അനൂപിന് ഹോട്ടല്‍ ബിസിനസ്സിനായി 6 ലക്ഷം രൂപ കടം നല്‍കിയെന്ന് ബിനീഷ് സമ്മതിച്ചിട്ടുണ്ടെങ്കിലും പണമിടപാടിന്റെ ഉറവിടമടക്കം പല ചോദ്യങ്ങളില്‍ നിന്നും ബിനീഷ് ഒഴിഞ്ഞുമാറുന്നതായാണ് ഇ ഡി പറയുന്നത്. അതേമയം വക്കാലത്ത് ഒപ്പിടാന്‍ അഭിഭാഷകനെ കാണാന്‍ പോലും സമ്മതിച്ചില്ലെന്ന് ആരോപിച്ച കുടുംബം, ബിനീഷിനെ കാണുന്നതിനായി കോടതിയെ സമീപിച്ചേക്കും.