യാങ്കോൺ: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 114 പേര്‍ കൊല്ലപ്പെട്ടു. മ്യാന്‍മറിലെ ദേശീയ സൈനിക ദിനമായിരുന്ന ഇന്നലെയാണ് പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തത്.

വിവിധ നഗരങ്ങളിലായ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ 13 കാരിയായ പെണ്‍കുട്ടിയുമുള്‍പ്പെട്ടിട്ടുണ്ട്. മ്യാന്‍മര്‍ ന്യൂസ് വെബ്‌സൈറ്റായ മ്യാന്‍മര്‍ നൗ ആണ് മരണ സംഖ്യ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതുവരെ 300 ഓളം പേര്‍ മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്ക് ശേഷം കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. സൈന്യത്തിന് ഇത് അപമാനത്തിന്റെ ദിവസമാണെന്നാണ് പ്രക്ഷോഭം നടത്തുന്ന സംഘടനകളിലൊന്നായ സിആര്‍പിഎച്ച്‌ പ്രതിനിധി പ്രതികരിച്ചത്.

വെടിവെപ്പിനെ അപലപിച്ച്‌ യുഎസും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. ഐക്യരാഷ്ട്ര സഭയും ആക്രമണത്തെ അപലപിച്ചു.