ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച്‌ യുവതി. 80 ശതമാനം പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.വര്‍ഷങ്ങള്‍ നീണ്ട ബന്ധം ഉപേക്ഷിച്ച്‌ കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം.

ആഗ്രയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സോനം പാണ്ഡ്യയാണ് ദേവേന്ദ്ര കുമാറിന് നേരെ ആസിഡ് ആക്രമണം നടത്തിയത്. സോനം പാണ്ഡ്യ വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. എന്നാല്‍ ഇരുവരില്‍ നിന്നും സോനം വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഏപ്രില്‍ 28നാണ് ദേവേന്ദ്ര കുമാറിന്റെ വിവാഹം തീരുമാനിച്ചത്.

ആറുമക്കളില്‍ ഏക മകനായ കുമാറും സോനവുമായുള്ള ബന്ധത്തില്‍ യുവാവിന്റെ വീട്ടുകാര്‍ എതിരായിരുന്നു. ഏതാനും വര്‍ഷം മുന്‍പ് വരെ ഇരുവരും ഒരുമിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. അവിടെ നഴ്‌സായിരുന്നു സോനം. ലാബ് അസിസ്റ്റന്റായിരുന്നു ദേവേന്ദ്ര കുമാര്‍. പിന്നീട് ഇരുവരും വ്യത്യസ്ത ആശുപത്രികളിലേക്ക് ജോലി മാറി.

ഫാന്‍ നന്നാക്കാന്‍ എന്ന വ്യാജേന സോനം യുവാവിനെ വീട്ടിലേക്ക് വിളിച്ചു. വീട്ടില്‍ എത്തിയ യുവാവിനോട് കല്യാണക്കാര്യം ചോദിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കായി. വാക്കേറ്റം മൂര്‍ച്ഛിച്ചതിനിടെ, 25കാരന്റെ ദേഹത്ത് യുവതി ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 80 ശതമാനം പൊള്ളലേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും മണിക്കൂറുകള്‍ക്കകം യുവാവ് മരിച്ചതായി പൊലീസ് പറയുന്നു. യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.