ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ബാറ്റിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനത്ത് രണ്ട് ഇന്ത്യക്കാര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. 868 ആണ് കോഹ്ലിയുടെ റേറ്റിങ്. പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് രണ്ടാമത്. 837 ആണ് അസമിന്റെ റേറ്റിങ്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട രണ്ടാമത്തെയാള്‍. 836 റേറ്റിങ്ങുളള രോഹിത് നിലവില്‍ മൂന്നാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ് താരമായ റോസ് ടെയ്‌ലര്‍, ഓസീസ് താരം ആരോണ്‍ ഫിഞ്ച് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഇംഗ്ലണ്ടിനെതിരായ ട്വന്റി പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഡക്കായ വിരാട് കോഹ്ലി പിന്നീടുളള മൂന്ന് കളിയിലും അര്‍ദ്ധസെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 73*, 77*, 80* എന്നിങ്ങനെ ആയിരുന്നു സ്കോര്‍. കൂടാതെ ഇന്നലെ നടന്ന ആദ്യ ഏകദിനത്തിലും കോഹ്ലി അര്‍ധസെഞ്ചുറി (56 റണ്‍സ്) നേടിയിരുന്നു. ഈ പ്രകടനങ്ങളാണ് കോഹ്ലിയുടെ റാങ്കിങ്ങില്‍ തുണയായത്.

ഐസിസിയുടെ ട്വന്റി ട്വന്റി റാങ്കിങ്ങിലും ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തില്‍ ആദ്യ അഞ്ച് സ്ഥാനത്ത് രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒരു സ്ഥാനം മെച്ചപ്പെടുത്തി 762 റേറ്റിങ്ങോടെ നാലാമത് എത്തി. കെ.എല്‍ രാഹുലാണ് അഞ്ചാമത്. 743 ആണ് കെ.എല്‍ രാഹുലിന്റെ റേറ്റിങ്. ഐസിസിയുടെ ട്വന്റി 20 ബൗളിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. അതേസമയം ഏകദിനത്തിലെ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 697 റേറ്റിങ്ങോടെ ജസ്പ്രീത് ബുംമ്ര മൂന്നാം സ്ഥാനത്തുണ്ട്. ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടും അഫ്ഗാനിസ്ഥാന്‍ താരം മുജീബുര്‍ റഹ്മാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഏകദിനത്തിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് ക്രിക്കറ്റര്‍ ഷാക്കിബ് അല്‍ ഹസനാണ് 412 റേറ്റിങ്ങോടെ ഒന്നാമത്. രണ്ടാമതുളള അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബിക്ക് 294 ആണ് റേറ്റിങ്. രവീന്ദ്ര ജഡേജയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. 250 റേറ്റിങ്ങുളള ജഡേജ ഒന്‍പതാം സ്ഥാനത്താണുളളത്. ഇന്നലെ ഐസിസി പുറത്തുവിട്ട വനിതകളുടെ ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ഷഫാലി വര്‍മ്മയായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. മറ്റൊരു ഇന്ത്യന്‍ താരമായ സ്മൃതി മന്ദാന ഏഴാമതും ഉണ്ടായിരുന്നു.