കൊല്‍ക്കത്ത: ഹോളി ആഘോഷത്തിനിടെ രാസവസ്​തുക്കളടങ്ങിയ നിറങ്ങള്‍ മുഖത്തെറിഞ്ഞതായി ബി.ജെ.പി എം.പിയുടെ പരാതി. ഹൂഗ്ലി എം.പിയായ ലോക്കറ്റ്​ ചാറ്റര്‍ജിയാണ്​ പരാതിയുമായെത്തിയത്​. ബംഗാളില്‍ ആദ്യഘട്ട വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്നതനിടെയാണ്​ സംഭവം.

തുണി ഉപയോഗിച്ച്‌​ കണ്ണ്​ മറച്ചിരിക്കുന്ന ലോക്കറ്റ്​ ചാറ്റര്‍ജിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. കൊഡാലിയയില്‍ പ്രചാരണം പുരോഗമിക്കുന്നതിനിടെ വഴിയില്‍ സ്​ത്രീകള്‍ ഹോളി ആഘോഷിക്കുന്നുണ്ടായിരുന്നു. കുട്ടികളും സ്​ത്രീകളും പാട്ട്​ പാടുകയും നൃത്തം ചെയ്യുകയുമായിരുന്നു. അവര്‍ ഹോളി ആഘോഷിക്കാന്‍ ക്ഷണിച്ച​േപ്പാള്‍ കൊറോണയായതിനാല്‍ ആവശ്യം നിരസിച്ചു. പകരം നിറങ്ങള്‍ ദേഹത്തെറിഞ്ഞോളാന്‍ സ്​ത്രീകളോട്​ പറഞ്ഞു. എന്നാല്‍ അവിടെയുണ്ടായിരുന്ന രണ്ടു​പുരുഷന്‍മാര്‍ മുന്നോട്ടുവരികയും തീര്‍ച്ചയായും നിറങ്ങള്‍ വിതറാമെന്ന്​ പറയുകയുമായിരുന്നു. അവര്‍ സ്​ത്രീകളുടെ സംഘത്തില്‍പ്പെട്ടവരാണെന്നാണ്​ കരുതിയിരുന്നതെന്നും ലോക്കറ്റ്​ ചാറ്റര്‍ജി പറഞ്ഞു.

നിമിഷങ്ങള്‍ക്കകം പുരുഷന്‍മാര്‍ നിറങ്ങളുമായി വരികയും മുഖത്തേക്ക്​ എറിയുകയുമായിരുന്നു. കണ്ണട വെച്ചിരുന്നതിനാല്‍ കണ്ണിന്​ ഒന്നും പറ്റിയില്ലെന്നും എന്നാല്‍ കണ്ണിന്‍റെ വശങ്ങളില്‍ പൊള്ളല്‍ അനുഭവ​െപ്പടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ആരാണ്​ തന്‍റെ കണ്ണിലേക്ക്​ നിറങ്ങളെറിഞ്ഞതെന്ന്​ നോക്കിയപ്പോള്‍ തൃണമൂല്‍ ബാഡ്​ജ്​ ധരിച്ച്‌​ മൂന്നുനാലുപേര്‍ അല്‍പ്പം അകലെ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അവരില്‍ ഒരാളാണ്​ രാസവസ്​തുക്കള്‍ അടങ്ങിയ നിറങ്ങള്‍ മുഖത്തേക്ക്​ എറിഞ്ഞതെന്നും അവര്‍ ആരോപിച്ചു.

ലോക്കറ്റ്​ ചാറ്റര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസ്​ ഗുണ്ടകള്‍ ആക്രമിച്ചുവെന്ന്​ കാട്ടി ബി.ജെ.പി ബംഗാള്‍ ഘടകം എം.പിയുടെ വിഡിയോയും പങ്കുവെച്ചു. ​തൃണമൂല്‍നേതാവ്​ ജി.പി. പ്രധാന്‍ ബിദ്യുത്​ ബിശ്വാസിന്‍റെ നേതൃത്വത്തിലാണ്​ ആക്രമണമെന്നും പരാജയ​ ഭീതിയെ തുടര്‍ന്നാണിതെന്നും ബി.ജെ.പി പറഞ്ഞു. ​